ഇരിട്ടി : ശ്രീനിവാസനും ജയറാമും തകര്‍ത്തഭിനയിച്ച രാഷ്ട്രീയത്തിലെ കാപട്യങ്ങളെ തുറന്ന് കാണിക്കുന്ന 'സന്ദേശം ' എന്ന സിനിമയില്‍ മരിച്ചയാളെ തങ്ങളുടെ അനുഭാവിയാക്കി മാറ്റാന്‍ രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ മത്സരിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. പ്രേക്ഷകര്‍ നിറഞ്ഞ ചിരിയോടെ ആസ്വദിച്ച ആ രംഗത്തിന്റെ തനിയാവര്‍ത്തനമാണ് കണ്ണൂരിലെ ഇരിട്ടിയില്‍ നടന്നത്. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി പി എമ്മുകാരും ബി ജെ പിക്കാരും തമ്മില്‍ മത്സരിച്ചപ്പോള്‍ മരണ വീട്ടില്‍ കൂട്ടയടിയാണ് നടന്നത്. ഒടുവില്‍ പോലീസിന്റെ കനത്ത കാവലിലാണ് യുവാവിന്റെ സംസ്‌കാരം പോലും നടത്തേണ്ടി വന്നത്.
ഞായറാഴ്ച കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത് (40) മരണപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വൈകുന്നേരത്തോടെ പ്രജിത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. ആളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയതോടെയാണ് ഇത് രാഷ്ട്രീയ തര്‍ക്കമായത്. നേരത്തെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായിരുന്നു മരിച്ച പ്രജിത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനമില്ല. പ്രജിത്തിന്റെ വീട്ടുകാരെല്ലാം കടുത്ത സി പി എം അനുഭാവികളാണ്. മൃതദേഹം സംസ്‌കാരിക്കാനായി എടുത്തപ്പോള്‍ പ്രജിത്തിന്റെ ചില സുഹൃത്തുക്കളും ബി ജെ പി പ്രവര്‍ത്തകരും കൈയ്യില്‍ പുഷ്പങ്ങളുമായി ശാന്തി മന്ത്രം ചൊല്ലാന്‍ ആരംഭിച്ചു. എന്നാല്‍ ഇവിടെയുണ്ടായരുന്ന സി പി എം പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടയില്‍ കുറച്ച് പേര്‍ പ്രജിത്തിന്റെ മൃതദേഹം കൈക്കലാക്കി സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് ഓടി. മറു വിഭാഗം പിന്നാലെയെത്തി. ഇതോടെ കൂട്ട അടിയായി. സംസ്‌കാരത്തിനായി എത്തിച്ച വിറക് കൊള്ളി എടുത്താണ് സി പി എം -ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഒടുവില്‍ ഇരിക്കൂര്‍ സി ഐയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ സ്ഥലത്തെത്തി ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകരെ നീക്കം ചെയ്തു. വീണ്ടും പ്രശ്‌നമുണ്ടാകുമെന്ന് ഭയന്ന് വളരെ അടുത്ത ബന്ധുക്കളെ മാത്രമേ പ്രജിത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസ് അനുവദിച്ചുള്ളൂ. ചിത കൊളുത്തിയത് മുതല്‍ രാത്രി പത്തു മണിയോടെ ചിത കത്തിയമരുന്നത് വരെ പോലീസ് ഇവിടെ കാവല്‍ നില്‍ക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇന്ന് വൈകുന്നേരം ഇരിട്ടി സി ഐയുടെ നേതൃത്വത്തില്‍ സി പി എം-ബി.ജെപി പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.