Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

കോവിഡിന്റെ എല്ലാ രഹസ്യങ്ങളും  മൂന്ന് മാസത്തിനകം പരസ്യപ്പെടുത്തും 

വാഷിംഗ്ടണ്‍-ചൈനയിലെ വുഹാന്‍ ലാബുമായുള്ള ബന്ധമടക്കം കോവിഡ്19 മഹാമാരിയെപ്പറ്റി ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ച എല്ലാ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തണമെന്ന ബില്‍ യു.എസ് ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കി. എതിരില്ലാതെ 419 വോട്ടുകളോടെ പാസാക്കിയ ബില്ല് പ്രസിഡന്റ് ജോ ബൈഡന്റെ പരിഗണനയ്ക്ക് വിട്ടു. ഈ നിയമനിര്‍മാണം സെനറ്റ് അംഗീകരിച്ചിരുന്നു. ബൈഡന്‍ ഒപ്പിട്ടാല്‍ കോവിഡിന്റെ എല്ലാ വിവരങ്ങളും 90 ദിവസത്തിനുള്ളില്‍ പുറത്തുവിടും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാന്‍ അമേരിക്കന്‍ ജനതയ്ക്ക് അവകാശമുണ്ടെന്ന് ഒഹായോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയും സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ മൈക്കല്‍ ടര്‍ണര്‍ പറഞ്ഞു.വൈറസ് എങ്ങനെ ഉണ്ടായി, വൈറസിന്റെ ഉത്ഭവം സ്വാഭാവികമാണോ അതോ ലാബുമായി ബന്ധപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ ബൈഡന്റെ ഡെമോക്രാറ്റുകളും നിയമനിര്‍മാണത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിലാണ് നിര്‍ണായക നീക്കം. 2019 ല്‍ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് കോവിഡ് കേസുകള്‍ ആദ്യം കണ്ടെത്തിയത്. ഇവിടത്തെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും ഉറപ്പിച്ചിട്ടില്ല. തുടക്കത്തില്‍ സംഭവം മറയ്ക്കാന്‍ ചൈന ശ്രമിച്ചതും ഡാറ്റ കൈമാറാന്‍ വിസമ്മതിച്ചതും അന്താരാഷ്ട്ര വിമര്‍ശനത്തിനിടയാക്കി.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബില്‍ നിര്‍മിച്ച ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് അബദ്ധത്തില്‍ ചോര്‍ന്നതാണെന്ന സിദ്ധാന്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. വൈറസ് വവ്വാലുകളില്‍ നിന്ന് മൃഗങ്ങള്‍ വഴി മനുഷ്യര്‍ക്ക് പകര്‍ന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
 

Latest News