Sorry, you need to enable JavaScript to visit this website.

എനിക്കും ശ്വാസം മുട്ടുന്നു; ചുമച്ചു ജീവിക്കാനാകില്ലെന്ന് മമ്മൂട്ടി

കൊച്ചി- രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസം വലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. ഷൂട്ടിംഗിനായി ഞാൻ കുറച്ചുദിവസം പൂനെയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. വീട്ടിലെത്തിയപ്പോൾ നല്ല ചുമ. ക്രമേണ ശ്വാസം മുട്ടലായി. ഷൂട്ടിംഗിനായി ഇന്നലെ വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസം മുട്ടലുണ്ട്. പലരും കൊച്ചിയിലെ വീടുകളിൽ നിന്ന് മാറി നിൽക്കുകയാണ്. കൊച്ചിയിലും പരിസരത്തും മാത്രമല്ല, സമീപ ജില്ലകളിലും ഇത് വ്യാപിക്കുകയാണ്. ഏറ്റവും വലിയ അരക്ഷിതാവസ്ഥയാണ് ഇത്. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ തകാലം മുതൽ കേൾക്കുന്നതാണ് അവിടുത്തെ പ്രശ്‌നങ്ങളും. അതുപരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 

അതേസമയം, മാലിന്യ കേന്ദ്രത്തിലെ തീ 100 ശതമാനവും നിയന്ത്രണ വിധേയമായെന്ന് തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ കെ.എൻ സതീഷ് പറഞ്ഞു. 95 ശതമാനവും തീയണക്കാൻ കഴിഞ്ഞതായി ജില്ലാ കളക്ടർ ഉമേഷ് അറിയിച്ചതിന് പിന്നാലെയാണ് അഗ്നിശമന പ്രവർത്തനങ്ങളുടെ മുഖ്യ ചുമതലക്കാരനായ കെ എൻ സതീഷിന്റെ പ്രതികരണം. മാസ്‌ക് ധരിക്കാതെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിൽക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
ചില സ്ഥലങ്ങളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ നാൽപത് അടി വരെ ആഴത്തിൽ കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ റി ഇഗ്‌നിഷൻ ഉണ്ടാകുമെന്നും അത് അപ്പപ്പോൾ കണ്ടെത്തി എസ്‌കവേറ്റർ ഉപയോഗിച്ച് മാലിന്യം കുഴിച്ച് വെള്ളം പമ്പ് ചെയ്ത് അണക്കും. സ്ഥിതി ഗതികൾ പൂർണ നിയന്ത്രണത്തിലാകുന്നതു വരെ ഇതിനായുള്ള കരുതൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 
തന്റെ ഫയർഫോഴ്‌സ് ടീം നടത്തിയ ഏറ്റവും ശ്രമകരമായ രക്ഷാദൗത്യം വിജയത്തിലെത്തിയതിന്റെ ആശ്വാസവും അഭിമാനവുമുണ്ടെന്നും കെ എൻ സതീഷ് പറഞ്ഞു. 11 ദിവസമായി വിഷപ്പുകയുടെ മധ്യത്തിൽ നിന്ന് കൊടും ചൂടിലാണ് ഇടതടവില്ലാതെ രക്ഷാപ്രവർത്തനം നടത്തിയത്. പലർക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അവർ പ്രാഥമിക ചികിത്സ നേടിയ ശേഷം വീണ്ടും കർമ രംഗത്തെത്തി. സ്തുത്യർഹവും ത്യാഗഭരിതവുമായ ആത്മാർപ്പണത്തോടെയുള്ള സേവനമാണ് അവർ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം പുകയണയ്ക്കൽ ദൗത്യത്തിൽ കഴിഞ്ഞ രാത്രിയിൽ 105 അഗ്‌നിശമന സേനാംഗങ്ങളും, 14 എ എസ്‌കവേറ്റർ ഓപ്പറേറ്റർമാരും, 14 പോലീസുകാരും ബി.പി.സി.എല്ലിലെ 5 പേരും, 35 സിവിൽ ഡിഫൻസ് അംഗങ്ങളും, 20 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും, 19 ഹോം ഗാർഡുകളുമാണ് പങ്കെടുത്തത്. 18 ഫയർ യൂണിറ്റുകളും, 14 എസ്‌കവേറ്ററുകളും ഹൈ പ്രഷർ പമ്പുകളും ഉപയോഗിച്ചു. ആംബുലൻസും മെഡിക്കൽ സംഘവും ഉണ്ടായിരുന്നു.

തിങ്കളാഴ്ച മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി

 ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന്  വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നെങ്കിലും വായു ഗുണനിലവാരം മെച്ചപ്പെട്ടില്ല. ഈ സാഹചര്യത്തിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷനിലും സമീപ പഞ്ചായത്തുകളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച വരെ വീണ്ടും അവധി നൽകി
അതേ സമയം ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇന്ന് രണ്ട് മൊബൈൽ യൂണിറ്റുകളും നാളെ അഞ്ച് മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഫീൽഡ് തലത്തിൽ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈൽ ക്ലിനിക്കിന്റെ സേവനങ്ങൾ ലഭ്യമാകുക. ഈ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, നഴ്‌സിംഗ് ഓഫിസർ, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവും നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ലഭ്യമാവും. മിനി സ്പൈറോമീറ്റർ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകൾ മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആസ്റ്റർ പീസ് വാലി മൊബൈൽ ക്ലിനിക്കുമായി സഹകരിച്ചാവും ഒരു ക്ലിനിക്കിന്റെ പ്രവർത്തനം.ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും.

വിഷപ്പുക; ദീർഘ കാല പ്രശ്ന സാധ്യതകൾ പഠിക്കണം-ആരോഗ്യ വിദഗ്ധർ

കൊച്ചി-ബ്രഹ്മപുരം തീപ്പിടുത്തത്തെത്തുടർന്നുണ്ടായ വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് വിദഗ്ധർ.വിഷപ്പുകയുടെ ദീർഘകാല പ്രശ്ന സാധ്യത പഠന വിധേയമാക്കണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദർ ആവശ്യപ്പെട്ടു. ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, ചൊറിച്ചിൽ, വന്ധ്യത തുടങ്ങി നിരവധി രോഗങ്ങൾക്ക് വിഷപ്പുക കാരണമാകുമെന്ന് ഐ എം എ പ്രസിഡന്റ് ഡോ ശ്രീനിവാസ കമ്മത്ത് പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ ഭാവിയിൽ വരാതിരിക്കാനുള്ള മാർഗ്ഗവും പ്രതിരോധിക്കാനുള്ള വഴികളും തേടണമെന്ന് അദ്ദേഹം നിർദേശിച്ചു.കൊച്ചിയിൽ  കോൺഗ്രസ് സംഘടിപ്പിച്ച 'ജനപക്ഷ സംവാദ' ത്തിലാണ് വിവിധ മേഖലകളിലെ വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെച്ചത്. പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ പോലുള്ളവ രക്തത്തിൽ കയറിയാൽ ശരീരത്തെ ശിഥിലീകരിക്കുമെന്ന് ഡോ സി എൻ മനോജ് അഭിപ്രായപ്പെട്ടു. 


തീ അണക്കാൻ അമേരിക്കയിൽ
നിന്ന് വിദഗ്‌ദ്ധോപദേശം, മുന്നറിയിപ്പ്
കൊച്ചി-ബ്രഹ്മപുരത്തെ പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലി. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ (ഐ ഐ ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.തീ പൂർണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളിൽ അഗ്നിശമന പ്രവർത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളിൽ മുൻകരുതൽ തുടരണം. ഏത് സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം.
 

Latest News