കൊച്ചി-ബ്രഹ്മപുരം തീപ്പിടുത്തത്തെത്തുടര്‍ന്നുണ്ടായ വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് വിദഗ്ധര്‍. വിഷപ്പുകയുടെ ദീര്‍ഘകാല പ്രശ്ന സാധ്യത പഠന വിധേയമാക്കണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍, ചൊറിച്ചില്‍, വന്ധ്യത തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് വിഷപ്പുക കാരണമാകുമെന്ന് ഐ എം എ പ്രസിഡന്റ് ഡോ ശ്രീനിവാസ കമ്മത്ത് പറഞ്ഞു. ഇത്തരം പ്രയാസങ്ങള്‍ ഭാവിയില്‍ വരാതിരിക്കാനുള്ള മാര്‍ഗ്ഗവും പ്രതിരോധിക്കാനുള്ള വഴികളും തേടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ജനപക്ഷ സംവാദ' ത്തിലാണ് വിവിധ മേഖലകളിലെ വിദ്ഗര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്സിന്‍ പോലുള്ളവ രക്തത്തില്‍ കയറിയാല്‍ ശരീരത്തെ ശിഥിലീകരിക്കുമെന്ന് ഡോ സി എന്‍ മനോജ് അഭിപ്രായപ്പെട്ടു. ആസ്മ അതിന്റെ കുറഞ്ഞ രൂപമാണെന്നും ഗുരുതര സാഹചര്യങ്ങള്‍ ഭയാനകമാകും മുന്നേ അനിവാര്യമാണെങ്കില്‍ മാറിത്താമസിക്കാനുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി നല്‍കണമെന്നും ഡോ മനോജ് പറഞ്ഞു. ഈ വിഷമാലിന്യങ്ങള്‍ വായുവില്‍ നിന്ന് 100 ശതമാനവും ഇല്ലാതാക്കാന്‍ കഴിയില്ല. അതുകൊണ്ട് ശക്തമായ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ് കണക്കിന് ടണ്‍ മാലിന്യം പ്രതിദിനം ഉത്പാദിപ്പിക്കുന്ന എറണാകുളം നഗരത്തില്‍ കൃത്യമായ പഠനങ്ങളും നടപടികളുമില്ലെന്ന് ആരോഗ്യവിദഗ്ദന്‍ ഡോ എസ് എസ് ലാല്‍ പറഞ്ഞു.തീപ്പിടിച്ചതിന്റെ മൂന്നാം ദിവസം ഇവിടെ യാതൊരു പ്രശ്നവുമില്ലെന്ന് ആരോഗ്യ മന്ത്രി പറയുകയാണ്. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് അദ്ദേഹം ചോദിച്ചു. ബ്രഹ്മപുരത്തെ ദുരന്ത വ്യാപ്തി വലുതാണെന്ന് സംവാദത്തില്‍ പങ്കെടുത്ത ഡോ നീതു തമ്പി പറഞ്ഞു. വിഷപ്പുകയുടെ ദീര്‍ഘകാല പ്രശ്ന സാധ്യത പഠന വിധേയമാക്കണം. കുട്ടികളെയാണ് ഇത് കൂടുതലും ബാധിക്കുകയെന്നും അവര്‍ സൂചിപ്പിച്ചു. ബ്രഹ്മപുരത്ത് കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളില്‍ നിന്ന് മഴവെള്ളം ഉള്‍പ്പടെ ഒലിച്ചിറങ്ങി കടമ്പ്രയാറിലേക്ക് ഒഴുകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ചുറ്റുമുള്ള ജല സ്രോതസ്സുകളിലും അത് ജൈവ വ്യവസ്ഥയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളേയും കുറിച്ച് പഠിക്കണം. പ്രദേശത്തെ മണ്ണും പരിശോധിക്കണം. പുരയിടത്തില്‍ പ്ലാസ്റ്റിക് കത്തിക്കരുതെന്നു പറയുന്നവര്‍ നഗ്നമായ നിയമലംഘനം നടത്തിയിട്ടും യാതൊരു നടപടിയുമില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.