രാജ്യസഭ സീറ്റില്‍ കേരളാ കോണ്‍ഗ്രസിനും അവകാശമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം- കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് (എം)നും അവകാശമുണ്ടെന്ന് മുസ്ലിം ലീഗി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസിന്റെ യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്കു പുറപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേരള കോണ്‍ഗ്രസിനു കൂടി അവകാശപ്പെട്ട രാജ്യസഭ സീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  ഇത് കൂടാതെ കേരള കോണ്‍ഗ്രസ് മറ്റ് ചില നിര്‍ദേശങ്ങളും വെച്ചിട്ടുണ്ടെന്നും ഇക്കാര്യവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കെ പി സി സി പ്രസിഡന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്.  യു ഡി എഫ് കണ്‍വീനറെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
 

Latest News