ആലപ്പുഴ : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വയിലെ കൃഷി ഓഫീസര്‍ എം.ജിഷമോള്‍ മറ്റൊരാള്‍ വഴി ബാങ്കില്‍ നല്‍കിയ കള്ള നോട്ടുകള്‍ ഒറിജിനിലിനെ വെല്ലുന്നത്. അത്ര പെട്ടെന്നൊന്നും ഇത് കള്ളനോട്ടാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കറന്‍സികളെക്കുറിച്ച് കൃത്യമായ അറിവുള്ളവര്‍ക്ക് സൂക്ഷ്മ പരിശോധനയിലൂടെ മാത്രമെ ഇത് കള്ളനോട്ടാണെന്ന് കണ്ടെത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ ഏതെങ്കിലും വന്‍ കള്ളനോട്ട് സംഘങ്ങള്‍ നിര്‍മ്മിച്ച കള്ളനോട്ടാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജിഷമോള്‍ അതിന്റെ ഭാഗമായിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. കേസ് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസിന് കീഴിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്കിന്റെ അഭിപ്രായം കൂടി തേടുമെന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി കള്ളനോട്ടുകള്‍ ഇപ്പോള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വ്യാജനോട്ടുകളാണ് താന്‍ നല്‍കിയതെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും. മാനസിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനായില്ല. ഇവരെ കോടതി ഉത്തരവനുസരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ജയിലില്‍ വെച്ച് ഇവര്‍ അസ്വാഭാവികമായി പെരുമാറിയിരുന്നു. മൂന്ന് വര്‍ഷമായി ജിഷമോള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നയാളാണെന്നും ചികിത്സ വേണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കള്ളനോട്ടിന്റെ ഉറവിടം പൊലീസിനോട് വെളിപ്പെടുത്താന്‍ ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും സുഹൃത്തായ കളരി പരിശീലകനാണ് ഇതിന്റെ പിന്നിലെന്ന സൂചന ജിഷമോള്‍ നല്‍കിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പല സ്ഥലത്തും പോലീസ് തിരിച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള മറ്റ് ചിലരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമാണ് ജിഷമോള്‍. ഈ രംഗത്തുള്ള മാറ്റാര്‍ക്കെങ്കിലും കള്ളനോട്ടു കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.