Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുനവ്വറലി തങ്ങളുടെ നിഴലിൽ സ്‌നേഹത്തണലേറ്റ് മാലതി

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിഴലു വീണാൽ ഓടിയെത്തുന്ന ഒരാളുണ്ട്, തമിഴ്‌നാട്ടിൽ. മാലതി എന്നാണ് പേര്. മുനവ്വറലി തങ്ങൾ തമിഴ്‌നാട്ടിലെത്തുന്ന സമയത്തെല്ലാം മാലതി ഓടിയെത്തും. തന്റെ പ്രിയപ്പെട്ടവന്റെ ജീവനെ മരണക്കയത്തിൽനിന്ന് കോരിയെടുത്തു കൊണ്ടുവന്നതിന്റെ ഓർമ്മയുടെ നിലാവിലേക്കാണ് മാലതി ഓടിയണയുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ മുസ്‌ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ പങ്കെടുക്കാൻ മുനവ്വറലി തങ്ങൾ എത്തിയപ്പോൾ മാലതി അവിടെയും വന്നു. തങ്ങളുമായി സംസാരിക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്തു.  കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മാലതിയുടെ ഭർത്താവ് അർജുൻ. പെരിന്തൽമണ്ണ സ്വദേശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അർജുനെ വധശിക്ഷക്ക് വിധിച്ചത്. കാൽ കോടി രൂപ ദിയാധനം നൽകിയാൽ അർജുനെ മോചിപ്പിക്കാനാകുമായിരുന്നു. എന്നാൽ അതിന് ആവശ്യമായ പണം ലഭിച്ചില്ല. ആരോ പറഞ്ഞറിഞ്ഞാണ് മാലതി പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. ഒറ്റ ദിവസം കൊണ്ട് മാലതിയുടെ ഭർത്താവിനെ മോചിപ്പിക്കാനുള്ള പണം മുനവ്വറലി തങ്ങളിലൂടെ എത്തി. 2017 നവംബറിലായിരുന്നു അത്. 25 ലക്ഷം രൂപയുടെ ചെക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു കൈമാറിയത്. 

കൊല്ലപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയുടെ കുടുംബവുമായി ബന്ധപ്പെട്ടാണ് അനുബന്ധ ചർച്ചകൾ നടത്തിയിരുന്നത്. പെരിന്തൽമണ്ണ സ്വദേശിയുടെ ഭാര്യയും പതിമൂന്നു വയസുള്ള മകളും വാടകവീട്ടിലായിരുന്നു താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകൾക്കും ഈ തുക ആശ്വാസമാകുമെന്നും ഒപ്പം മാലതിക്കും 14 വയസുകാരി മകൾക്കും കുടുംബനാഥനേയും ലഭിക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞിരുന്നു. 

ജിദ്ദയിലെ സഹ്‌റാൻ ഗ്രൂപ് ഓഫ് കമ്പനീസ്, എൻ.എ ഹാരിസ് ഫൗണ്ടേഷൻ, എ.എം.പി. ഫൗണ്ടേഷൻ മാള, സ്റ്റർലിങ് ഇന്റർ നാഷണൽ കുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് യു.എ.ഇ എന്നീ കമ്പനികളാണ് ദിയാധനം കെട്ടിവെക്കുന്നതിന് ആവശ്യമായ സഹായം നൽകിയത്.അർജുനനെ വധശിക്ഷയിൽനിന്ന് രക്ഷിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. 2019-ൽ തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലെ കടൈനെല്ലൂർ മുസ്ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും മുനവ്വറലി ശിഹാബ് തങ്ങളെ മാലതി സന്ദർശിച്ചിരുന്നു. ജീവന്റെ ജീവനെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന്റെ നന്ദി നിഴലുപോലെ കൂടെക്കൊണ്ടു നടക്കുകയാണ് മാലതി.
 

Latest News