മലപ്പുറം - മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും മങ്കടയിലുമായി നടന്ന വാഹന പരിശോധനയ്ക്കിടെ 1.84 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. പെരിന്തൽമണ്ണ പോലീസ് 1.07 കോടി രൂപയും മങ്കട പോലീസ് 77 ലക്ഷം രൂപയുമാണ് പിടികൂടിയത്.
മങ്കടയിൽ തൃശൂർ സ്വദേശിയായ ടിട്ടി 7729500 രൂപയുമായി പിടിയിലായി. മങ്കട എസ്.ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ തിരൂർക്കാട് ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് ടിട്ടിയിൽനിന്നും കുഴൽപ്പണം പിടികൂടിയത്.
തൃശൂർ സ്വദേശികളായ ഡാനിൽ, ലോറൻസ് എന്നിവരാണ് പെരിന്തൽമണ്ണയിൽ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിൻ സീറ്റിന് പിറകിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു പണം. എസ്.ഐ അഷ്‌റഫലിയും സംഘവുമാണ് പണം പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനവും പണവും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കി, തുടർ നടപടികൾക്കായി ഇൻകം ടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറത്ത് ഈ വർഷം ഇതുവരെയായി 9 കേസുകളിലായി 10,35,39,400 രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്.






