മെലാനിയ ട്രംപ് എവിടെയായിരുന്നു? 

അമേരിക്കയുടെ പ്രഥമ പൗര മെലാനിയ ട്രംപ് 25 ദിവസം പൊതു ചടങ്ങുകളിലൊന്നും കണ്ടിരുന്നില്ല. സസ്‌പെന്‍സ് അവസാനിപ്പിച്ചാണ് ഇന്നലെ വൈറ്റ് ഹൗസിലെ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപ് കുടുംബ സമേതം നടത്തിയ യാത്രയില്‍ പോലും മെലാനിയയെ കാണാതായപ്പോള്‍ ഊഹാപോഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. പെണ്‍വിഷയത്തില്‍ വിവാദങ്ങളില്‍ പെട്ട ട്രംപിനെ ഉപേക്ഷിച്ച് മെലാനിയ കടന്നുകളഞ്ഞു എന്ന് വരെ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. പ്രചാരണങ്ങള്‍ക്കൊടുവില്‍ മെലാനിയ തന്നെ വൈറ്റ് ഹൗസിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ആദരിക്കാന്‍ ആയി നടത്തിയ ചടങ്ങില്‍ ആയിരുന്നു മെലാനിയ പങ്കെടുത്തത്. മാധ്യമ പ്രതിനിധികള്‍ക്കൊന്നും ക്ഷണമില്ലാത്ത സ്വകാര്യ പരിപാടി ആയിരുന്നു വൈറ്റ് ഹൗസില്‍ നടന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ മെലാനിയയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. അതിന് ശേഷം മെലാനിയ തന്നെ ചില ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപിന് കിഡ്‌നി സംബന്ധിയായ അസുഖം ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്ന കാര്യം വാര്‍ത്തയായി പുറത്ത് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും മെലാനിയയെ പൊതു പരിപാടികളില്‍ ഒന്നും കണ്ടില്ല എന്നതായിരുന്നു വിവാദ വിഷയം.  അതിനിടയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മക്കള്‍ക്കും മരുമകനും ഒപ്പം ഒരു യാത്രയും പോയിരുന്നു. എന്നാല്‍ ആ യാത്രയിലും മെലാനിയ കൂടെ ഉണ്ടായിരുന്നില്ല. ഇതോടെ പലരുടേയും സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു. കഥകള്‍ പലതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ കേട്ട് മനം മടുത്ത് മെലാനിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്നതായിരുന്നു പ്രചരിച്ചിരുന്ന കഥകളില്‍ ഒന്ന്. അതിന് ശേഷം മെലാനിയ വൈറ്റ് ഹൗസ് വിട്ട് പോയി എന്നും ചിലര്‍ സ്വയം നിഗമനത്തില്‍ എത്തുകയും ചെയ്തു. 
അത്രയധികം ലൈംഗികാരോപണങ്ങള്‍ ആയിരുന്നല്ലോ ട്രംപിനെതിരെ ഉയര്‍ന്ന് വന്നിരുന്നത്. ജൂണ്‍ 12 ന് നടക്കുന്ന ജി 7 ഉച്ച കോടിയിലും മെലാനിയ ട്രംപിനൊപ്പം പങ്കെടുത്തേക്കില്ല എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 

Latest News