വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് ദമ്പതികള്‍ ബോര്‍ഡ് വെച്ചു ; നിവൃത്തി കേട്, ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല

തിരുവനന്തപുരം :  വൃക്കയും കരളും വില്‍ക്കാനുണ്ട് എന്ന ബോര്‍ഡ് വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് ചെയ്യാന്‍ പാടില്ലാത്തതാണെന്ന് അവര്‍ക്കറിയാം. പക്ഷേ ജീവിതത്തിന്റെ നിവൃത്തി കേടിന് മുന്നില്‍ ആ തെറ്റു ചെയ്യാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു നേരത്തെ ആഹാരത്തിനും കടം മേടിച്ച പണം തിരികെ കൊടുക്കുന്നതിനും ആ ദമ്പതികള്‍ക്ക് മുന്നില്‍ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ആരും വഴി കാണിച്ചു കൊടുത്തതുമില്ല.
തിരുവനന്തപുരം മണക്കാടുള്ള വാടക വീടിന് മുന്നിലാണ് സന്തോഷ് കുമാറും ഭാര്യയും വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് കാണിച്ച്  ബോര്‍ഡ് വെച്ചത്. ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ക്ക് ഇതേ ചെയ്യാനുണ്ടായിരുന്നുള്ളൂ. സന്തോഷ് കുമാറിന് ഒരു മുറുക്കാന്‍ കടയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ അവകാശമുന്നയിച്ച് ബന്ധു കട കൈവശപ്പെടുത്തിയതോടെ ജീവിത മാര്‍ഗം അടഞ്ഞു. വാടക നല്‍കാനും ഭക്ഷണത്തിനും പണമില്ലാതായി. ഇതിനിടെ ഒരു പഴക്കടയില്‍ സന്തോഷ് കുമാര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ തണ്ണി മത്തന്റെ ചാക്കു കെട്ട് ശരീരത്തിലേക്ക് വീണ് പരിക്കേറ്റതോടെ ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഭാര്യ ട്യൂഷനെടുത്തിരുന്നെങ്കിലും ഇപ്പോള്‍ വിദ്യാര്‍ഥികളെ കിട്ടുന്നില്ല. 
വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന്  കാണിച്ച് ബോര്‍ഡ് വെച്ചത് വിവാദമായതോടെ ബോര്‍ഡ് എടുത്തു മാറ്റാന്‍ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ബോര്‍ഡ് വെയ്ക്കുന്നത് നിയമ വിരുദ്ധമായതില്‍ നടപടി നേരിടേണ്ടി വരുമെന്ന് പോലീസും പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഒരു ജീവിത മാര്‍ഗം കാണിച്ചു തരണമെന്നാണ് സന്തോഷ് കുമാറും ഭാര്യയും ആവശ്യപ്പെടുന്നത്. ബന്ധു കൈവശപ്പെടുത്തിയ കട തിരിച്ചു കിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

 

 

 

Latest News