മക്ക - മക്കയിലെ കഅ്കിയ ഡിസ്ട്രിക്ടില്‍ ഷെവല്‍ ഡ്രൈവറുടെ പരാക്രമം. 15 വാഹനങ്ങളും തെരുവ് വിളക്കുകാലുകളും കരുതിക്കൂട്ടി കേടുവരുത്തിയ ഡ്രൈവറെ ഒടുവില്‍ ഷെവലിനുനേരെ നിറയൊഴിച്ചാണ് പോലീസുകാര്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാറുകളും വൈദ്യുതി പോസ്റ്റുകളും കരുതിക്കൂട്ടി തകര്‍ക്കുന്ന ഡ്രൈവറെ കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. ട്രാഫിക് പോലീസും പട്രോള്‍ പോലീസും റെഡ് ക്രസന്റും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും സ്ഥലത്ത് കുതിച്ചെത്തി.
നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കാറുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ക്കുന്നത് തുടര്‍ന്നതോടെ പോലീസുകാര്‍ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് ഷെവല്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഡ്രൈവറെ പോലീസുകാര്‍ കീഴടക്കി. ഷെവലും സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറുകളും ടാങ്കര്‍ ലോറിയും മിനി ലോറിയുമടക്കം 15 വാഹനങ്ങളും ഏതാനും തെരുവു വിളക്കുകാലുകളുമാണ് തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല. മുന്നില്‍ കണ്ട വാഹനങ്ങളും മറ്റു വസ്തുക്കളും ഡ്രൈവര്‍ കരുതിക്കൂട്ടി തകര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.






