Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയില്‍ താമസിക്കുന്ന താരങ്ങളുടെ  വീടുകളില്‍ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ? 

കൊച്ചി- ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച് കൊച്ചിയിലെ ജനങ്ങള്‍ ശ്വാസംമുട്ടുമ്പോള്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമായി. വിഷയത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. ഫെയ്സ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയാണ് നടന്‍ വിനയ് ഫോര്‍ട്ട് പ്രതിഷേധം അറിയിച്ചത്. 'എനിക്ക് ശ്വസിക്കാനാവുന്നില്ല' എന്ന് ആലേഖനം ചെയ്ത മാസ്‌ക് ധരിച്ചിരിക്കുന്ന മുഖവും തലയില്‍ കൂടികിടക്കുന്ന മാലിന്യങ്ങളുടെ ചിത്രീകരണമാണ് പ്രൊഫൈല്‍ ചിത്രമായി വിനയ് ഫോര്‍ട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ വിഷപ്പുക പടരുന്ന സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നടന്‍ ഉണ്ണി മുകന്ദനും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക' എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്. പൃഥ്വിരാജും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പറഞ്ഞു. നടന്‍ വിജയ് ബാബു, സംവിധായകന്‍ ഷാംദത്ത് എന്നിവരും വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം ബ്രാഹ്മപുരത്തെ പ്രശ്‌നത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാത്തതിനെതിരെ നിര്‍മ്മാതാവ് ഷിബു ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു.''കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാന്‍ കൊച്ചിയില്‍ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടന്‍, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മള്‍ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളില്‍ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ? ജീവിക്കാന്‍ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ പോലും എന്താണ് കാലതാമസം. ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എന്തിനോടാണ് നിങ്ങള്‍ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാല്‍ ഗര്‍ജിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രം മതിയോ നിങ്ങളുടെ ഗര്‍ജ്ജനം. രാഷ്ട്രീയം നോക്കാതെ അധികാരികള്‍ക്കെതിരെ പ്രതികരിക്കുക. ജനങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കില്‍ എന്നോട് ക്ഷമിക്കുക...', എന്നായിരുന്നു ഷിബുവിന്റെ കുറിപ്പ്.

Latest News