തിരുവനന്തപുരം : പെണ്‍കുട്ടികളെ പ്രണയം നടിച്ച് വരുതിയിലാക്കിയ ശേഷം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നത് പതിവാക്കിയ പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ കണ്ണന്‍ എസ് മോഹന്‍ (21)എന്ന മായക്കണ്ണനെ ചാത്തന്നൂര്‍ പോലീസ് പിടികൂടി. പാരിപ്പള്ളിയില്‍ സിനിമാ തിയേറ്ററില്‍ ജീവനക്കാരനായ മായക്കണ്ണന്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെയും സിനിമാ തിയേറ്ററില്‍ എത്തുന്ന പെണ്‍കുട്ടികളെയും വശീകരിച്ച് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയാണ് പതിവ്. പെണ്‍കുട്ടികളുടെ ചെലവിലാണ് ഇവിടങ്ങളില്‍ മുറിയെടുക്കുക. പീഡനത്തിന് ശേഷം ഇവരെ വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടും. വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയ ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഈ കേസില്‍ മായക്കണ്ണനെ പിടികൂടിയപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ പോലീസിന് കിട്ടിയത്.