പത്തനംതിട്ട- സി.പി.എം ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം എ.കെ സന്തോഷ് കുമാറിന് നടുറോഡിൽ പോലീസ് മർദ്ദനം. പുല്ലാട് ജംഗ്ഷനിൽ വച്ച് കോയിപ്രം എസ്‌ഐ ഗ്ലാഡ്‌വിൻ എഡ്വേർ ഡാണ് മർദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. അടി കൊണ്ട് സന്തോഷ് റോഡിൽ വീണു. പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു.പുല്ലാട് പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജങ്ഷനിൽ എത്തിയപ്പോൾ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡിൽ ഒരു വരിയാക്കണമെന്ന് എസ്.ഐ നിർദേശിച്ചു. ക്ഷേത്രഭാരവാഹികൾ ഇതിനെ എതിർത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങൾ കടന്നു പോകാൻ പോലിസ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്തോഷ് കുമാർ എസ്.ഐ യോട് സംസാരിച്ചപ്പോഴാണ് മർദ്ദനമുണ്ടായത്.
എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പുല്ലാട്ട് സി.പി.എം നേതൃത്വത്തിൽ പ്രകടനം നടന്നു.