Sorry, you need to enable JavaScript to visit this website.

ലുലു മാളിൽ നിന്ന് നികുതിയായി മാത്രം സർക്കാരിന് ലഭിച്ചത് 2105 കോടി രൂപ

കൊച്ചി ലുലു മാളിന്റെ പത്താം വാർഷികാഘോഷങ്ങൾ ലുലു ഗ്രൂപ്പ് സി.ഇ.ഒ ആന്റ് ഡയറക്ടർ എം.എ. നിഷാദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്‌സ് തുടങ്ങിയവർ സമീപം.
  • കൊച്ചി ലുലു മാളിന് പത്ത് വയസ്സ്, ആഘോഷങ്ങൾക്ക് തുടക്കം
  • ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാൾ -എം.എ. യൂസഫലി

കൊച്ചി- കേരള വികസനത്തിന്റെ മുഖച്ഛായ മാറ്റിയ കൊച്ചി ലുലു മാൾ യാഥാർഥ്യമായിട്ട് പത്ത് വർഷം. ബിസിനസ് ജീവിതത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു കൊച്ചി ലുലു മാൾ എന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി വ്യക്തമാക്കി. ഇത്രയും ചെറിയ കൊച്ചിയിൽ ഇത്രയും വലിയ മാൾ നടക്കില്ലെന്ന് പലരും പറഞ്ഞു. എന്നാൽ ഈ അഭിപ്രായം മാറ്റേണ്ടി വരുമെന്നും തീരുമാനം ശരിയായിരുന്നുവെന്ന് പറയേണ്ടി വരുമെന്നും അവർക്ക് മറുപടി നൽകി. കാലം അത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ന് കൊച്ചി വലുതായി, ലുലു മാൾ നഗരത്തിനെ അപേക്ഷിച്ച് ചെറുതായി. എം.എ. യൂസഫലി കൂട്ടിചേർത്തു. ലുലു മാളിന്റെ പത്താം വാർഷികാഘോഷ വേളയിൽ ഏവർക്കും ആശംസ അറിയിച്ചുകൊണ്ടുള്ള ഓൺലൈൻ സന്ദേശത്തിലാണ് എം.എ. യൂസഫലി സന്തോഷം പങ്കുവെച്ചത്. 
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാളിലെ എട്രിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് സി.ഇ.ഒ ആന്റ് ഡയറക്ടർ എം.എ. നിഷാദ് കേക്ക് മുറിച്ചു. ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്‌സ് അടക്കമുള്ളവർ പങ്കെടുത്തു. ലോകോത്തര ഷോപ്പിംഗ് സംസ്‌കാരം സമ്മാനിക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിലും ലുലു മാൾ സുപ്രധാന പങ്ക് വഹിച്ചെന്ന് വി. നന്ദകുമാർ പറഞ്ഞു. പ്രശസ്ത ഗായകൻ ഹരിശങ്കറും സംഘവും അണിനിരന്ന സംഗീത നിശയും സംഘടിപ്പിച്ചിരുന്നു. 
17 കോടിയിലധികം ഉപഭോക്താക്കളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ലുലു മാൾ സന്ദർശിച്ചത്. നികുതി ഇനത്തിൽ മാത്രം 2105 കോടി രൂപ മാൾ സർക്കാരിന് നൽകി. 5000 ജീവനക്കാർ സ്ഥാപനത്തിന്റെ ഭാഗമായി. നിയമവിരുദ്ധമായി ഒരു രൂപ പോലും ലുലുവിന്റെ ഭാഗമായിട്ടില്ല എന്ന ഉറപ്പാണ് സ്ഥാപനത്തിന്റെ ഉയർച്ചയുടെ കരുത്തെന്നും യൂസഫലി ചൂണ്ടികാട്ടി. പത്താം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതികളും മാൾ ഒരുക്കിയിട്ടുണ്ട്. മാളിൽ എവിടെയും കുറഞ്ഞത് 2500 രൂപക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, മറ്റു സമ്മാനങ്ങൾ എന്നിവ നേടാനുള്ള അവസരമുണ്ടാകും. 

 

Latest News