കൂട്ട മാമോദീസക്ക് തടാകത്തിലിറങ്ങിയ പാസ്റ്ററെ മുതല കടിച്ചു കൊന്നു

അഡിസ് അബാബ- എത്യോപിയയിലെ അബായ തടാകത്തില്‍ വിശ്വാസികളെ മാമോദീസ മുക്കുന്നതിനിടെ ക്രിസ്തീയ പുരോഹിതനെ മുതല കടിച്ചു കൊലപ്പെടുത്തി. 80-ഓളം പേരെ മാമോദീസ മുക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് പാസ്റ്റര്‍ മുതലയുടെ ആക്രമണത്തിനിരയായത്. വെള്ളത്തിലിറങ്ങിയുള്ള ചടങ്ങ് നടക്കുന്നതിനിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട മുതല പാസ്റ്ററെ കടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ട മാമോദീസയ്ക്കായി ഒത്തു ചേര്‍ന്ന വിശ്വാസികളും മത്സ്യതൊഴിലാകളും ചേര്‍ന്ന് പാസ്റ്ററെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവര്‍ക്ക് മുതലയെ പിടികൂടാനായില്ല. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മത്സ്യബന്ധന വല ഉപയോഗിച്ച് പാസ്റ്ററുടെ മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ മുതലകളില്‍ നിന്നും ഒരു വിധം രക്ഷിച്ചെടുക്കുകയായിരുന്നു. 

ധാരാളം മുതലകളുള്ള തടാകമാണ് അബായ. തടാകത്തിലെ മീനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് മുതലകള്‍ മനുഷ്യര്‍ക്കു നേരെ ആക്രമോത്സുകരായത്. തടാകത്തിലെ തെളിമയില്ലാത്ത വെള്ളത്തില്‍ വേഗത്തില്‍ മുതലകളെ തിരിച്ചറിയാനും പ്രയാസമാണ്.
 

Latest News