ഇസ്ലാമിക ശരീഅത്തിനെതിരെ പൊതുബോധം നിർമിച്ചെടുക്കുന്നതിൽ മുസ്‌ലിം വിരുദ്ധ ഭരണ രാഷ്ട്രീയത്തിന്റെയും മതവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെയും പങ്ക് വളരെ വലുതാണ്. ശരീഅത്ത് വിരുദ്ധ ചിന്താഗതിക്കാർ പലപ്പോഴും പരസ്പരമുള്ള വൈരുധ്യ വൈര്യങ്ങളൊക്കെ മറന്ന് കൈകോർക്കാറുമുണ്ട്. ശരീഅത്തിനെതിരെ നിലയുറപ്പിക്കാൻ പ്രാപ്തരെന്ന് തോന്നുന്നവരെ ചാക്കിട്ട് പിടിക്കുന്ന സ്ഥിതിവിശേഷവും കാണാറുണ്ട്.
ശരീഅത്ത് നിയമം ഒരിക്കൽ കൂടി കേരള സമൂഹത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. പതിനാല് നൂറ്റാണ്ട് പഴക്കമുള്ളതാണ്, ഇസ്‍ലാമിന്റെ മൗലികവാദ വിഷയങ്ങളിൽ പെട്ടതാണ്, കാലോചിത മാറ്റങ്ങൾ ഉൾക്കൊള്ളാത്തതാണ്, അതിനാൽ തന്നെ പഴഞ്ചനും യാഥാസ്ഥിതികവും, മതേതര ജനാധിപത്യ സമൂഹത്തിന് അനുചിതവും അരോചകവുമാണ് -ഇതൊക്കെയാണ് പൊതുബോധം. മറ്റു നിലകളിൽ ഇസ്‍ലാം അംഗീകരിക്കപ്പെടുമ്പോൾ തന്നെ 'ശരിയാവാത്തത്' എന്നാണ് ബുദ്ധിജീവികൾക്കിടയിൽ പോലും ശരീഅത്തിന്റെ പ്രതിഛായ. അതിനാൽ ശരീഅത്തിനെതിരായ അലയൊലി എന്നും അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരിക്കും.
ഈ പൊതുബോധം നിർമിച്ചെടുക്കുന്നതിൽ മുസ്‌ലിം വിരുദ്ധ ഭരണ രാഷ്ട്രീയത്തിന്റെയും മതവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെയും പങ്ക് വളരെ വലുതാണ്. ശരീഅത്ത് വിരുദ്ധ ചിന്താഗതിക്കാർ പലപ്പോഴും പരസ്പരമുള്ള വൈരുധ്യ വൈര്യങ്ങളൊക്കെ മറന്ന് കൈകോർക്കാറുമുണ്ട്.
ശരീഅത്തിനെതിരെ നിലയുറപ്പിക്കാൻ പ്രാപ്തരെന്ന് തോന്നുന്നവരെ ചാക്കിട്ട് പിടിക്കുന്ന സ്ഥിതിവിശേഷവും കാണാറുണ്ട്. സ്വന്തം പ്രശസ്തി മാത്രം കാംക്ഷിച്ചുകൊണ്ട് വിവാദങ്ങളുണ്ടാക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇവർക്കൊക്കെ പുറമെ, ഇസ്ലാമോഫോബിക്, എക്‌സ് മുസ്‌ലിംകൾ, പുരോഗമന മുസ്‌ലിംകൾ, സാംസ്‌കാരിക നായകർ ഒക്കെച്ചേർന്നതാണ് ശരീഅത്ത് വിരുദ്ധ ചേരി. കുരുടൻ ആനയെക്കണ്ട പോലെയാണെങ്കിലും ശരീഅത്ത് അപകടമാണെന്ന് ഇവരെല്ലാം കോറസ് പാടും. ചുരുക്കത്തിൽ, എങ്ങനെ നോക്കിയാലും ഇവരുടെ കാഴ്ചപ്പാടിൽ അപകട സ്വഭാവമുള്ള ഒന്നാണ് ശരീഅത്ത്.
മറുവശത്ത്, ശരീഅത്തിൽ മാറ്റം അനുവദിക്കില്ലെന്ന ശാഠ്യമാണ് മുസ്‌ലിം സംഘടനകൾക്കുള്ളത്. അതിനു കാരണം ദൈവദത്തമാണ് ആ നിയമങ്ങളെന്നതും ഖണ്ഡിതമാണെന്നതുമാണ്. ലേഖകൻ ഈ വാദഗതിയുടെ കൂടെ നിൽക്കുമ്പോൾ തന്നെ, തങ്ങളുടെ സമൂഹം എത്രമാത്രം ഈ മതനിയമങ്ങൾക്കു പിന്നിലെ മൂല്യബോധത്തെ ഉൾക്കൊള്ളുന്നുണ്ടെന്ന് മതസംഘടനകൾ ചിന്തിക്കുന്നില്ലെന്ന പക്ഷക്കാരനാണ്. ഈ നിയമം വഴി വന്നുഭവിക്കുന്ന പ്രതിസന്ധികൾ ഓഡിറ്റ് ചെയ്യുന്നില്ല. പരിഹാരങ്ങൾ കണ്ടെത്തുവാനുള്ള ചുമതലാബോധം ഏറ്റെടുക്കുന്നില്ല. അതായത്, ശരീഅത്ത് ഈ രണ്ടു കൂട്ടർക്കുമിടയിലെ ബലിയാടാണ്.
ഖുർആൻ കൊണ്ടുവന്ന ശരീഅത്ത് കുറ്റമറ്റതാണ്. ഇസ്‌ലാം മതം ആചരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്കെല്ലാം അത് ബാധകവുമാണ്. സ്വബോധ്യങ്ങൾ കൊണ്ടു മാത്രം ശരീഅത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ വ്യക്തിപരമായ സ്വാതന്ത്ര്യമില്ല. മുജ്തഹിദുകൾ എന്നറിയപ്പെടുന്ന ഗണത്തിലെ പണ്ഡിതർക്ക് പുതിയ സാഹചര്യങ്ങളെ പഠിക്കാൻ ബാധ്യതയുണ്ട്.
അങ്ങനെ ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുന്ന സന്ദർഭത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുക അവരുടെ കടമയുമാണ്.
മുസ്‌ലിം രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിൽ ശരീഅത്ത് നിയമങ്ങൾ നടപ്പാക്കപ്പെടുന്നില്ല. വിശ്വാസത്തോട് ഒട്ടിനിൽക്കുന്ന അനുഷ്ഠാനങ്ങളായ വിവാഹം, വിവാഹ മോചനം, മരണം, പിന്തുടർച്ചാവകാശം, വഖ്ഫ് എന്നിവയിൽ പരിമിതമാണ് മുസ്‌ലിം വ്യക്തിനിയമം. 1937 ലെ മുഹമ്മദൻ ലോ എന്ന നിയമമാണ് അതിന്റെ ആധാരം. സർ ദിൻഷാ ഫർദുഞ്ചി മുല്ല എഴുതിയ 'മുഹമ്മദീയ നിയമ തത്വങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ അപഗ്രഥനമാണ് കോടതിവിധികൾ. അദ്ദേഹം ബ്രിട്ടീഷ് പ്രിവ്യൂ കൗൺസിലിൽ അംഗമായിരുന്ന നിയമ വിശാരദനും ജഡ്ജിയുമായിരുന്നു. പണ്ഡിതനായിരുന്നില്ല. മുഹമ്മദൻ ലോ വരുന്നതിനു മൂന്ന് വർഷം മുമ്പ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
ഇപ്പോൾ വിവാദമായിരിക്കുന്ന ഇസ്‍ലാമിക അനന്തരാവകാശം ഇസ്‍ലാമിക സാമ്പത്തിക സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാണ്. ഇസ്ലാമിക് ഫൈനാൻസ് ലോകമൊന്നടങ്കം അംഗീകരിച്ചതാണ്. ചൂഷണമുക്ത, പലിശരഹിത, പരസ്പര സഹകരണാടിസ്ഥാനത്തിലുള്ള വ്യവഹാരമാണ് അതിന്റെ കാതൽ. ഈ സംവിധാനം നിലവിലുള്ള രാജ്യങ്ങളിൽ സാമ്പത്തിക ചൂഷണം കുറവാണെന്നത് വസ്തുതയാണ്. ലോകോത്തര സർവകലാശാലകളിൽ ഇസ്‍ലാമിക സാമ്പത്തിക ക്രമം മുഖ്യ പഠന വിഷയമാണ്. മാത്രമല്ല, പലിശയിലും ഊഹക്കച്ചവടത്തിലും പടുത്തുയർത്തപ്പെട്ട വ്യവസ്ഥിതി തകർന്ന ഘട്ടങ്ങളിലെല്ലാം ഇസ്‍ലാമിക് സമ്പദ്‌വ്യവസ്ഥിതി പിടിച്ചുനിന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഇസ്‍ലാമിക് ബാങ്കിങ് എന്ന മാതൃക നടപ്പാക്കണമെന്ന് സർക്കാർ തലത്തിൽ കേരളം പദ്ധതി കൊണ്ടുവന്നത്.
സമ്പൂർണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ഉത്ഭവകാലം മുതൽ ഇന്നോളം അതിന്റെ ഉത്തമ മാതൃകകൾ ലോകത്തുണ്ട്. കുടുംബത്തിനകത്തെ സാമ്പത്തിക ക്രയവിക്രയങ്ങൾ സാമൂഹിക പ്രാധാന്യമുള്ളവ കൂടിയാണ്. അത് ദാരിദ്ര്യ നിർമാർജനമായി ചുരുക്കാൻ കഴിയില്ല. കുടുംബമെന്നത് പ്രാഥമികമായും രക്തബന്ധത്തിന്റെ സ്രോതസ്സിൽനിന്നാണ് പിറവിയെടുക്കുന്നത്. ഇസ്‍ലാമികവും അല്ലാത്തതുമായ സംസ്‌കൃതികളിലൊക്കെ അതങ്ങനെത്തന്നെയാണ്. ആധുനിക കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ആധുനികം എന്നത് മാറിക്കൊണ്ടിരിക്കുന്ന പ്രഹേളികയാണ്. തൊട്ടുമുമ്പത്തെ തലമുറയെ ചൂണ്ടി പിൻഗാമികൾക്ക് ആധുനികരെന്ന് അവകാശപ്പെടാം.
ഇസ്‍ലാമിക സാമൂഹിക ക്രമം അനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തിയവർക്ക് പിന്തുടർച്ചാവകാശ നിയമത്തിൽ ആശങ്കപ്പെടാനൊന്നുമില്ല. ഇസ്ലാമിന്റെ ദായക്രമത്തിന്റെ അടിസ്ഥാനം ഖുർആനാണ്. അതിലൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ഉത്തമവിശ്വാസമുള്ള ഒരാൾക്കേ മുസ്‌ലിം എന്ന് പറയപ്പെടാനാവൂ. അപ്പോൾ, കാലഘട്ടത്തിനനുസരിച്ച് ഖുർആനിക നിയമങ്ങളിൽ മാറ്റം വരണമെന്ന് ആവശ്യപ്പെടുന്നതിൽ സാംഗത്യമേതുമില്ല. ഹിന്ദു ക്രിസ്ത്യൻ മതങ്ങളിലെ ദായക്രമങ്ങളിലൊക്കെ കാലാനുസൃത മാറ്റങ്ങൾ വന്നല്ലോ, പിന്നെന്താ ഇസ്‍ലാമിൽ വരാത്തതെന്ന് ചോദിക്കുന്നവരോട് വിനീതമായി ചോദിക്കട്ടെ, ഏത് മതങ്ങളുടെ വേദഗ്രന്ഥങ്ങളിലാണ് മരണാന്തരം സ്ത്രീകൾക്ക് സ്വത്തവകാശമുണ്ടെന്ന് രേഖപ്പെടുത്തിയത്? സ്ത്രീക്ക് സ്വത്തിൽ പിന്തുടർച്ചാവകാശമുണ്ടെന്ന് പ്രഖ്യാപിച്ചത് ആദ്യമായി ഇസ്‍ലാമാണ്.
സ്ത്രീപങ്ക് കുറവാണെന്നതാണ് ചിലരെ വിവാദമുണ്ടാക്കാൻ പ്രേരിപ്പിച്ചതെങ്കിൽ, സ്ത്രീകൾക്ക് ഇസ്‍ലാം തദനുസൃതമായി നൽകിവരുന്ന മറ്റാനുകൂല്യങ്ങൾ പഠിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പ്രശ്നത്തിന്റെ ഒരു വശം മാത്രമെടുത്ത് ചർച്ച ചെയ്യുന്നതും അനീതിയാണല്ലോ?
മറ്റു മതങ്ങളെപ്പോലെയല്ല ഇസ്‌ലാമിലെ കുടുംബ വ്യവസ്ഥ. ഭാര്യാ ഭർത്താക്കന്മാരാകാൻ പോകുന്ന പെണ്ണും ആണും തമ്മിലുള്ള സിവിൽ കരാറാണ് വിവാഹം. അതിലെ നിക്കാഹ് നടക്കുമ്പോൾ ഭാര്യ വെറും നോക്കുകുത്തിയാണെന്നൊക്കെ പരിഹസിക്കാറുണ്ട്. അത് തെറ്റാണ്. വധുവിന്റെ പൂർണസമ്മതമില്ലാതെ വിവാഹമില്ല. വിവാഹ മൂല്യമെന്നത്, അഥവാ കരാറിന്റെ വില വധുവാണ് തീരുമാനിക്കുന്നത്. അത് കൈമാറി കരാർ ചെയ്യുന്ന ചടങ്ങ് മാത്രമാണ് നിക്കാഹ്.
നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ രേഖപ്പെടുത്തുന്ന പ്രക്രിയ മാത്രമാണ് നിക്കാഹ്. അതിന് വധുവിന്റെ ശാരീരിക സാന്നിധ്യം സദസ്സിൽ വേണമെന്നില്ല. സ്ത്രീക്ക് ഒരു സംരക്ഷണ കവചം ഉണ്ടെന്നത് വാസ്തവമാണ്. ആധുനിക വ്യവസ്ഥയും അതൊക്കെ ഉറപ്പാക്കുന്നുണ്ട്. വലിയ്യെന്ന് വിളിക്കപ്പെടുന്ന ഒരാണധികാരി. (അത് പിതാവാകാം, പിതാമഹനാകാം, പിതൃ സഹോദരനാകാം, ആങ്ങളയാവാം).
ഈ കരാർ പ്രകാരം, വിവാഹബന്ധം മുന്നോട്ട് പോകാൻ സാധിക്കാതെ വന്നാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇരു കൂട്ടർക്കും വഴിപിരിയാൻ വ്യവസ്ഥകളുണ്ട് ഇസ്‌ലാമിൽ. ഒരുമിച്ചു ചേർത്ത സംവിധാനത്തിന് തന്നെ വേർപെടുത്തുവാനും എളുപ്പം സാധിക്കും. അതിന് കോടതി കയറേണ്ടതില്ല. മറ്റു മതങ്ങളിൽ വിവാഹം മതാചാരാന്വിതമായ ഒരു ചടങ്ങാണ്. വേർപെടുത്താൻ ബുദ്ധിമുട്ടാണ്. കോടതിവഴിയേ ബന്ധം വിഛേദിക്കാൻ സാധിക്കൂ. മരിച്ചവരുടെ അനന്തര സമ്പാദ്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരാളുടെ പാരമ്പര്യമായി തീരുന്നത് അയാളുടെ സമ്പത്താണെന്ന് തെറ്റിദ്ധരിക്കുന്നതാണ് പ്രശ്‌നം. സമ്പാദ്യം ഒരു ഉപാധി മാത്രമാണ്. മൂല്യങ്ങളും കാഴ്ചപ്പാടുകളും പരസ്പര സഹകരണവും ഉള്ള ഒരു സമൂഹത്തിൽ കൂട്ടിവെക്കപ്പെടുന്ന സമ്പാദ്യത്തിന് വലിയ പ്രാധാന്യമില്ല. സമൂഹത്തിലെ അംഗങ്ങളുടെ സാമ്പത്തിക സ്ഥിതിവിശേഷം ഭരണ വ്യവസ്ഥയുടെ ഭാഗമാണ്. ബൈത്തുൽമാൽ (ബാങ്ക്) എന്ന് തന്നെയാണ് ഇതറിയപ്പെടുന്നതും.
അമ്മയും അച്ഛനും സഹോദരീ സഹോദരങ്ങളും മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമക്കളും എല്ലാം ചേർന്നുള്ള വലിയ കാൻവാസിൽ വരച്ച ചിത്രമാണ് ഇസ്‍ലാമിലെ കുടുംബം. അതുൾക്കൊള്ളുന്ന മനസ്സാണ് മുസ്‌ലിം മനസ്സ്. 'സമർപ്പിച്ചവൻ' എന്നാണ് ഇസ്‌ലാം എന്ന വാക്കിനർഥം.






