കോണ്‍ഗ്രസ് ജയിച്ചാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് രാഹുല്‍

ഭോപാല്‍- മധ്യപ്രദേശില്‍ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് അനൗദ്യോഗക തുടക്കം കുറിച്ചു. മന്ദ്‌സൊറില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പോലീസ് വെടിവയപ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച സംഘടിപ്പിച്ച കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്രത്തിലേയും സംസ്ഥാനത്തേയം ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു. വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. കര്‍ഷകരെ കൂടെ നിര്‍ത്തുന്നതിന് നിരവധി വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും വിളകള്‍ക്ക് ഉടന്‍ പണം നല്‍കുമെന്നും കൃഷിയിടങ്ങള്‍ക്കു സമീപം ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാരുകള്‍ രാജ്യത്തേയും സംസ്ഥാനത്തേയും കര്‍ഷകരെ അവഗണിച്ചിരിക്കുകയാണെന്നും സമ്പന്ന വ്യവസായി സുഹൃത്തുക്കളെ മാത്രമാണ് അവര്‍ സഹായിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതുകൊണ്ടാണ് വെറും 15 വ്യവസായികളുടെ 1.5 ലക്ഷം കോടി വരുന്ന വായപകള്‍ മോഡി സര്‍ക്കാര്‍ എഴുതിതള്ളിയതെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരെ മാത്രമല്ല വ്യവസായ രംഗത്തേയും മോഡി സര്‍ക്കാര്‍ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വമ്പന്‍ പരാജയമാണെന്നും എല്ലാം മെയ്ഡ് ഇന്‍ ചൈനയാണെന്നും അദ്ദേഹം പരിഹസിച്ചു. 

മന്ദ്‌സോറില്‍ കര്‍ഷകര്‍ക്കു നേരെ നടന്ന പോലീസ് വെടിവയ്പ്പിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പത്തു ദിവസം നീളുന്ന പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെയും രാഹുല്‍ സന്ദര്‍ശിച്ചു.
 

Latest News