VIDEO - സുജയ പാര്‍വതിയെ പുറത്താക്കിയ ചാനലിനെതിരെ ബി.എം.എസ് പ്രതിഷേധം

തിരുവനന്തപുരം- സീനിയര്‍ മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയെ പുറത്താക്കിയ 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ്.
ലോകത്താകെ അംഗീകാരമുള്ള വലിയ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വേദിയില്‍ പങ്കെടുത്തതിനാണ് സുജയ പാര്‍വതിയെ പുറത്താക്കിയിരിക്കുന്നതെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ബി.എം.എസ് വേദിയില്‍ ഉദ്ഘാടകയായി എത്തിയ മാധ്യമ പ്രവര്‍ത്തക അവരുടെ ആശയമാണ് വ്യക്തമാക്കിയത്. ദേശീയ ആഭിമുഖ്യമുള്ള ഒരു സംഘടനക്കും കീഴടങ്ങരുതെന്ന സന്ദേശമാണ് കേരളത്തിലെ ഇടത്-ജിഹാദി കൂട്ടായ്മ നല്‍കുന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ചാനലിന്റെ ഭാഗത്തുനിന്നുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും പൊതുസമൂഹം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആശയവും ആദര്‍ശവും വ്യക്തമാക്കിയതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ സ്മാര്‍ത്തവിചാരം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ ബി.എം.എസ് പരിപാടിയില്‍ വരാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുന്ന ഒരു ചോദ്യം എനിക്കും നേരിടേണ്ടിവന്നുവെന്നും സുജയ പാര്‍വതി പറഞ്ഞിരുന്നു.  നിങ്ങള്‍ സംഘിയാണോ? സംഘിയായതുകൊണ്ടാണോ പോകുന്നത് എന്നായിരുന്നു ചോദ്യം.
ബി.എം.എസിന്റെ പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് സംഘിയാക്കണമെങ്കില്‍ ആക്കിക്കോട്ടെയെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും സുജയ വ്യക്തമാക്കി.
വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങള്‍ വേണ്ടയെന്ന തീരുമാനത്തിലാണ് കഴിഞ്ഞ 16 വര്‍ഷവും മാധ്യമപ്രവര്‍ത്തനം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'എന്റെ വ്യക്തിപരമായി അനുഭവത്തില്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയായ സമയത്ത് റിപ്പോര്‍ട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടതില്ല എന്ന് നിലപാട് എടുത്തയാളാണ് ഞാന്‍. ഇങ്ങനെയൊരു നിലപാട് തൊഴിലിടത്തില്‍ എടുത്തതിന് എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
പക്ഷെ അതെന്റെ നിലപാടാണ്. എന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങള്‍ വേണ്ട എന്ന  തീരുമാനത്തിലാണ് കഴിഞ്ഞ 16 വര്‍ഷവും ഞാന്‍ ജോലി ചെയ്തത്.
അത് ഇനിയും അങ്ങനെയായിരിക്കും. ഏത് കോര്‍പ്പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കും- സുജയ പറഞ്ഞു.

 

 

Latest News