Sorry, you need to enable JavaScript to visit this website.

റമദാനിൽ മസ്ജിദുന്നബവിയിലേക്ക് സൗജന്യ ബസ് സർവീസുകൾ

മദീന - വിശുദ്ധ റമദാനിൽ പ്രവാചക നഗരിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ബസ് ഷട്ടിൽ സർവീസുകളുണ്ടാകുമെന്ന് മദീന പൊതുഗതാഗത പദ്ധതി അറിയിച്ചു. സ്‌പോർട്‌സ് സ്റ്റേഡിയം, ദുറ അൽമദീന, സയ്യിദുശ്ശുഹദാ, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഖാലിദിയ, ശദാ ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ നിന്നാണ് മസ്ജിദുന്നബവിയിലേക്ക് ബസ് ഷട്ടിൽ സർവീസുകളുണ്ടാവുക. ആലിയയിൽ നിന്ന് ഖുബാ മസ്ജിദിലേക്കും ഷട്ടിൽ സർവീസുകളുണ്ടാകും. വൈകീട്ട് മൂന്നു മുതൽ രാത്രി തറാവീഹ് നമസ്‌കാരം പൂർത്തിയായി ഒരു മണിക്കൂർ വരെയാണ് ബസുകൾ ഷട്ടിൽ സർവീസ് നടത്തുക. റമദാൻ അവസാന പത്തിൽ വൈകീട്ട് മൂന്നു മുതൽ പാതിരാ നമസ്‌കാരം പൂർത്തിയായി അര മണിക്കൂർ വരെ സർവീസുകളുണ്ടാകും. 
ഹറമൈൻ റെയിൽവെ സ്റ്റേഷനിൽ നിന്ന് മസ്ജിദുന്നബവിയിലേക്ക് ഇരുപത്തിനാലു മണിക്കൂറും ബസ് സർവീസുകളുണ്ടാകും. പത്തു മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ മൂന്നു സ്റ്റോപ്പുകളാണുള്ളത്. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് പ്രവാചകപള്ളിയിലേക്കും ഇരുപത്തിനാലു മണിക്കൂറും ബസ് സർവീസുണ്ടാകും. പത്തു മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ രണ്ടു സ്റ്റോപ്പുകളാണുള്ളത്. 
തൈബ യൂനിവേഴ്‌സിറ്റി, അൽആലിയ റൂട്ടിൽ രാവിലെ മൂന്നു മുതൽ വൈകീട്ട് മൂന്നു വരെ സർവീസുകളുണ്ടാകും. മുപ്പതു മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ 34 സ്റ്റോപ്പുകളാണുള്ളത്. അൽമീഖാത്ത്, ഖാലിദിയ റൂട്ടിലും രാവിലെ മൂന്നു മുതൽ വൈകീട്ട് മൂന്നു വരെ 30 മിനിറ്റ് ഇടവേളകളിൽ സർവീസുകളുണ്ടാകും. ഈ റൂട്ടിൽ 38 സ്റ്റോപ്പുകളാണുള്ളത്. അൽഖസ്‌വാ, സയ്യിദുശ്ശുഹദാ റൂട്ടിലും രാവിലെ മൂന്നു മുതൽ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് 25 മിനിറ്റ് ഇടവേളകളിൽ ബസ് സർവീസുകളുണ്ടാകും. ഈ റൂട്ടിൽ 21 സ്റ്റോപ്പുകളാണുള്ളത്.
 

Latest News