ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയായിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കെൽപുള്ള പാർട്ടിയായ മുസ്‌ലിം ലീഗിന് ദേശീയ തലത്തിൽ വേണ്ടത്ര വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പല വിഷയങ്ങളിലും പാർട്ടി ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾക്ക് രാജ്യത്തെമ്പാടും ശ്രദ്ധ കിട്ടുന്നുണ്ട്. രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടുമ്പോൾ രാഷ്ട്രീയമായി വലിയ ദൗത്യമാണ് ലീഗിന് നിർവഹിക്കാനുള്ളത്. രാജ്യത്തെ ഭരണകൂടം തന്നെ ഇന്ത്യയുടെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷ പാർട്ടി എന്ന നിലയിൽ അതിനെ ശക്തമായി ചെറുത്ത് നിൽക്കേണ്ട ബാധ്യത മറ്റേതൊരു രാഷ്ട്രീയ പാർട്ടിയേക്കാളും കൂടുതലായി മുസ്‌ലിം ലീഗിനുണ്ട്. മതേതരത്വം കാത്തുസൂക്ഷിക്കുകയെന്നത് ചെറിയൊരു രാഷ്ട്രീയ പാർട്ടിയായ മുസ്‌ലിം ലീഗിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല. എന്നാൽ അതിനുള്ള ശ്രമങ്ങളിൽ ഭാഗഭാക്കാകാനും പോർച്ചട്ടയണിയാനും പാർട്ടിക്ക് കഴിയേണ്ടതുണ്ട്.
മുസ്‌ലിം ലീഗ് എന്ന പേരു പോലും നിയമ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അസഹിഷ്ണുത മുഖമുദ്രയാക്കിയവർ കോടതി കയറിയ സന്ദർഭത്തിലാണ് ഏഴര പതിറ്റാണ്ട് പൂർത്തിയാക്കിയ പാർട്ടി പുതിയ കാലത്തിനനുസരിച്ച് പുതിയ രാഷ്ട്രീയ സമീപനങ്ങളുമായി അതിന്റെ അലകും പിടിയും മാറ്റിപ്പണിയുന്നത്.
മതേതരത്വം, മതേതര കൂട്ടായ്മ തുടങ്ങിയ വാക്കുകളെല്ലാം പറഞ്ഞു പഴകിത്തുടങ്ങിയിരിക്കുന്നു. പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും ഒന്നും ആ വാക്കുകൾ കേവലം ഭംഗിക്ക് വേണ്ടി ആവർത്തിച്ച് ഉപയോഗിച്ചതുകൊണ്ട് മാത്രം ഇനി കാര്യമില്ല. കാരണം രാജ്യം മതത്തിന്റെയും ജാതിയുടെയുമെല്ലാം പേരിൽ അത്രത്തോളം വെട്ടിമുറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇനിയും ഇത് തുടരുന്നത് ചെറുക്കാനുള്ള ശക്തിയാണ് മുസ്‌ലിം ലീഗ് അടക്കം മതത്തിന് അതീതമായ രാഷ്ട്രീയ കാഴ്ചപ്പാട് സൂക്ഷിക്കുന്ന ഏത് പാർട്ടിയും സ്വീകരിക്കേണ്ടത്. അതിനുള്ള പ്രായോഗിക മാർഗങ്ങളെക്കുറിച്ചാണ് ആലോചിക്കേണ്ടത്. പുതിയ തലമുറയെയെങ്കിലും അതിനായി സജ്ജരാക്കേണ്ടതുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സംഘപരിവാർ ഭരണ കൂടത്തിനെതിരെ പ്രതിപക്ഷ വിശാല ഐക്യം രാജ്യത്ത് ഉണ്ടാകണമെന്ന ആഹ്വാനവുമായാണ് മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രതിപക്ഷ വിശാല ഐക്യത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതിനെ യാഥാർഥ്യ
ത്തിലെത്തിക്കാൻ കഴിയുന്നില്ലെന്നത് തന്നെയാണ് പ്രശ്‌നം. പല പ്രതിപക്ഷ പാർട്ടികളും ഐക്യത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിനെ ആത്മാർത്ഥതയോടെ സമീപിക്കാൻ തയാറാകുന്നില്ല. രാജ്യം നേരിടുന്ന മതേതര ശോഷണത്തെയല്ല അവർ അഡ്രസ് ചെയ്യുന്നത്, മറിച്ച് താൽക്കാലികമായുണ്ടാകുന്ന രാഷ്ട്രീയ നേട്ടത്തെയാണ്. വിശാല ഐക്യത്തെക്കുറിച്ച് മുസ്‌ലിം ലീഗ് രാഷ്ട്രീയ പ്രമേയം പാസാക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി മനസ്സിരുത്തുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം വലിയ നിരാശയായിരിക്കും ഫലം.
മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളികളെ എളുപ്പത്തിൽ ചെറുക്കാമെന്ന് കരുതരുത്. കാരണം ആളും അർത്ഥവും നിയമ വിരുദ്ധമായി എന്തും ചെയ്യാനുള്ള കരളുറപ്പുമായാണ് ഹിന്ദുത്വവാദികൾ രംഗത്തുള്ളത്. അവരുടെ ഭീഷണിക്ക് മുന്നിലൂടെയാണ് രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകുന്നതെന്ന കാര്യം മറക്കരുത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് മൃഗീയമായ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽനിന്നു പോലും സംഘപരിവാറിന്റെ സവർണ സ്ഥാനാർഥികൾ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒക്കെ എത്തുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് വോട്ടർമാർക്ക് അവരോടുള്ള ഭയമാണ്. എതിർക്കാൻ കെൽപില്ലെങ്കിൽ കീഴടങ്ങുകയെന്ന മാനസികാവസ്ഥയിലേക്ക് വോട്ടർമാർ പോകുമ്പോൾ അവരെ കുറ്റം പറഞ്ഞിട്ടോ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ച് മൈതാന പ്രസംഗം നടത്തിയിട്ടോ കാര്യമില്ല. അവരെ രാഷ്ട്രീയമായി മാത്രമല്ല, മാനസികമായി ശാക്തീകരിക്കുകയെന്ന കടമ കൂടി മതേതര പാർട്ടികൾ ഏറ്റെടുക്കേണ്ടതുണ്ട്.
ഇന്ത്യ മതേതര കാഴ്ചപ്പാടിൽ തന്നെ തുടരുമെന്നാണ് മുസ്‌ലിം ലീഗിന്റെ ശുഭപ്രതീക്ഷയെന്നാണ് പാർട്ടി രൂപീകരണത്തിന്റെ 75 ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ അത്രത്തോളം ശുഭപ്രതീക്ഷ വെച്ചു പുലർത്തേണ്ട അവസ്ഥയിലുടെയല്ല രാജ്യം കടന്നു പോകുന്നതെന്ന ബോധ്യം ആ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനുണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ വളരെയധികം വഷളായിക്കഴിഞ്ഞു. മതരാഷ്ട്രം സ്ഥാപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും അതിലേക്കുള്ള ചുവടുവെപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ആർ.എസ്.എസിന്റെയും സംഘപരിവാറിലെ മറ്റു കക്ഷികളിലെയും നേതാക്കൾ ആവർത്തിച്ചു പറയുമ്പോൾ അമിതായ ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്നത് ആപത്താണ്. രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ വെട്ടിമുറിക്കുന്നത് തടയാൻ രാഷ്ട്രീയാധികാരം നേടുക തന്നെയാണ് ആദ്യം ചെയ്യേണ്ട കാര്യം. പ്രതിപക്ഷം വിഘടിച്ചു നിന്നാൽ ഇത് അടുത്ത കാലത്തൊന്നും തന്നെ സാധ്യമാകണമെന്നില്ല, അവിടെയാണ് രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഒറ്റക്കെട്ടായി നിൽക്കുന്നതിന്റെ പ്രസക്തി. അധികാരക്കസേരകളിലേക്കുള്ള സ്വയം അവരോധം മാത്രം സ്വപ്‌നം കണ്ട് നടന്നാൽ ഇത് സാധ്യമാകില്ല.
പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ശേഷം ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മറ്റു പാർട്ടികളുടെ ദേശീയ നേതൃത്വങ്ങളുമായി നിരന്തരം സംഭാഷണങ്ങൾ നടത്തുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. അത് ആവശ്യവുമാണ്. എന്നാൽ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നിൽ ഒരു സാങ്കൽപിക ഐക്യം ഉണ്ടാക്കിയതുകൊണ്ട് യാതൊരു കാര്യവുമില്ല, അത് നിലവിലെ ഭരണകൂടത്തിന് വീണ്ടും അധികാരത്തിലെത്താനുള്ള കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുക. അതിന് പകരം കാലേക്കൂട്ടി തന്നെ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.
വരുന്ന പൊതുതെരഞ്ഞെടുപ്പിൽ എവിടെയാണ് വീഴ്ചകൾ പറ്റാൻ സാധ്യതയുള്ളതെന്ന് കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗങ്ങൾ ബി.ജെ.പി നേതൃത്വം നടപ്പിൽ വരുത്താൻ തുടങ്ങിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിൽനിന്ന് തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ മറുവശത്താകട്ടെ, വരുമെന്ന് ഇപ്പോഴും ഉറപ്പില്ലാത്ത പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെയാണ് ബി.ജെ.പിയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ആത്മപരിശോധന നടത്തേണ്ടതും ഇവിടെയാണ്.
മതേതര ഇന്ത്യയുടെ ശാക്തീകരണത്തിന് രാഷ്ട്രീയ പാർട്ടികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടാണ് മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം കൊടിയിറങ്ങിയത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുമെന്നും അത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമുള്ള പ്രതീക്ഷയാണ് സമ്മേളനം പങ്കുവെച്ചത്. മുസ്‌ലിം ലീഗിന്റെ മാത്രമല്ല, രാജ്യത്ത് മതേതരത്വം ഒരു പോറലുമേൽക്കാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും പ്രതീക്ഷയാണത്. എന്നാൽ അധികാരക്കസേരകളിലും സ്ഥാനചിഹ്നങ്ങളിലും തട്ടിത്തെറിച്ച് ആ പ്രതീക്ഷ ഉടഞ്ഞു പോകരുത്.






