Sorry, you need to enable JavaScript to visit this website.

സിലിക്കൺ വാലി ബാങ്ക് തകർന്നു, ആഗോള വിപണിക്ക് വൻ പ്രതിസന്ധി

ന്യൂയോർക്ക്- അമേരിക്കയിൽ വൻ പ്രതിസന്ധിയിലായ ബാങ്ക്, സിലിക്കൺ വാലിയിൽ നിന്നും വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെടുന്നു. ഏറ്റവും വലിയ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് പണം വായ്പ നൽകിയതിന് പേരുകേട്ട സിലിക്കൺ വാലി ബാങ്ക് വെള്ളിയാഴ്ച തകർന്നു. ആഗോള വിപണയിലും ഇതിന്റെ പ്രത്യാഘാതം ദൃശ്യമായി. ബാങ്ക് തകർന്നതോടെ ബാങ്കിംഗ് റെഗുലേറ്റർമാർ സിലിക്കൺ വാലി ബാങ്ക് അടച്ചു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് പരാജയമാണിത്. നിക്ഷേപങ്ങളുടെ നിയന്ത്രണം ബാങ്കിംഗ് റെഗുലേറ്റർമാർ ഏറ്റെടുക്കുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് പരാജയമായാണ് ഇത് കണക്കാക്കുന്നത്. ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ച് വലിയ സമ്പത്ത് നേടിയ ശേഷം, സിലിക്കൺ വാലി ബാങ്ക് അതിന്റെ ആസ്തികളിൽ ഭൂരിഭാഗവും അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. അതേസമയം, പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്നതിന്, കഴിഞ്ഞ വർഷം ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ തുടങ്ങിയത് ബോണ്ട് മൂല്യങ്ങൾ കുറയുന്നതിന് കാരണമായി. കോവിഡ് പാൻഡെമിക്കിന് ശേഷം സ്റ്റാർട്ടപ്പ് ഫണ്ടിംഗും വറ്റിത്തുടങ്ങി. അതിന്റെ ഫലമായി ബാങ്കിന്റെ ധാരാളം ഇടപാടുകാർ പണം പിൻവലിച്ചു. ഇത് മറികടക്കാൻ സിലിക്കൺ വാലി ബാങ്ക് അതിന്റെ ചില നിക്ഷേപങ്ങൾ വിൽക്കാൻ നിർബന്ധിതരായി. ഈ ആഴ്ച ആദ്യം പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റിൽ ഏകദേശം രണ്ടു ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി ബാങ്ക് പറഞ്ഞു. ബാങ്ക് അടച്ചുപൂട്ടിയതിനുശേഷം, ഏകദേശം 175 ബില്യൺ ഡോളർ ഉപഭോക്തൃ നിക്ഷേപങ്ങൾ ഇപ്പോൾ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ബാങ്കിന്റെ എല്ലാ ശാഖകളും തിങ്കളാഴ്ച രാവിലെ തുറന്നതിന് ശേഷം അവർക്ക് ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങളിലേക്ക് പൂർണ്ണ പ്രവേശനം ലഭിക്കുമെന്ന് എഫ്.ഡി.ഐ.സി അറിയിച്ചു. സെക്യൂരിറ്റികളുടെ വിൽപ്പനയിൽ 1.8 ബില്യൺ ഡോളർ നഷ്ടമുണ്ടായതായി സിലിക്കൺ വാലി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രെഗ് ബെക്കർ ബുധനാഴ്ച അറിയിച്ചിരുന്നു. ബാങ്ക് അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 2.25 ബില്യൺ ഡോളർ മൂലധനം സമാഹരണ യജ്ഞം സംഘടിപ്പിക്കുമെന്നും ബെക്കർ പറഞ്ഞു. തുടർന്നാണ് നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചത്.

നിരവധി വെഞ്ച്വർ-ക്യാപിറ്റൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടു. പീറ്റർ തീലിന്റെ ഫൗണ്ടേഴ്‌സ് ഫണ്ട്, കോട്ട് മാനേജ്‌മെന്റ്, യൂണിയൻ സ്‌ക്വയർ വെഞ്ചേഴ്‌സ്, ഫൗണ്ടർ കളക്റ്റീവ് എന്നീ വെഞ്ച്വർ കാപിറ്റൽ സ്ഥാപനങ്ങളെല്ലാം തങ്ങൾക്ക് നിക്ഷേപമുള്ള സ്റ്റാർട്ടപ്പുകളെ പണം പിൻവലിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം ബാങ്കിന്റെ തകർച്ച മൊത്തം വ്യവസ്ഥയെ ബാധിക്കില്ലെന്ന് നിക്ഷേപകർ പറയുന്നു.

Latest News