കൊച്ചി-പത്തു ദിവസമായിട്ടും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽനിന്നുള്ള കെടുതികൾ അവസാനിക്കുന്നില്ല. കൊച്ചിയെ ഒന്നാകെ മൂടിയ വിഷപ്പുക ശമിപ്പിക്കാത്തതിന് എതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രമുഖ സിനിമ പ്രവർത്തകൻ വിനയ് ഫോർട്ടും ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ചു. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന് ഫെയ്‌സ്ബുക്കിൽ ചിത്രം പങ്കുവെച്ചാണ് വിനയ് ഫോർട്ട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എഴുത്തുകാരൻ പി.എഫ് മാത്യൂസും ബ്രഹ്‌മപുരം പ്രതിസന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കൊച്ചി വിട്ട് ഓടിപ്പോകുകയാണ് എന്നായിരുന്നു മാത്യൂസിന്റെ പ്രതികരണം.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യങ്ങളിൽ നിന്നുയരുന്ന പുക എത്ര നാൾ കൂടി സഹിക്കേണ്ടി വരുമെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ബ്രഹ്‌മപുരം പ്ലാന്റിൽനിന്നുള്ള വിഷപ്പുക ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുമെന്നും ഹൈക്കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനു നൽകിയ കത്തിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബെഞ്ച് ഇതു പറഞ്ഞത്. ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീപ്പിടിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളുന്നതിനു ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു.
സമിതിയിൽ തദ്ദേശ ഭരണ വകുപ്പ് ചീഫ് എൻജിനീയർ, ഖരമാലിന്യം മാനേജ്മെന്റ് സ്വഛത മിഷൻ ഡയറക്ടർ, എറണാകുളം ജില്ല കലക്ടർ, ജോയന്റ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ, (സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, എറണാകുളം,) കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി, ജില്ല ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്ക് ആവശ്യമായ വിദഗ്ധ സഹായം നൽകുന്നതിനു ബന്ധപ്പെട്ട സാങ്കേതിക വിഭാഗങ്ങൾ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞൂ. 24 മണിക്കൂറിനുള്ളിൽ കോടതി നിയോഗിച്ച സമിതി ബ്രഹ്‌മപുരത്തെത്തി നടപടികൾ പരിശോധിക്കണമെന്നും ഉത്തരവ് പറയുന്നൂ. എറണാകുളം, കൊച്ചി നഗരങ്ങളിലെ വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച് വ്യക്തവും ശാശ്വതവുമായ നടപടികൾ ഉണ്ടാവണം. മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, പ്ലാന്റുകളിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ എന്നിവ ഉണ്ടാവണം. ബന്ധപ്പെട്ട സമിതികൾ അടുത്ത പത്ത് ദിവസത്തിനുള്ളിൽ നഗരത്തിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച് കൃത്യവും ശാശ്വതവുമായ പരിഹാരം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഉത്തരവ് പറയുന്നു.
ഹരജി ഈ മാസം 13 ന് ഉച്ചകഴിഞ്ഞ 1.45 ന് വീണ്ടും പരിഗണിക്കും സംഭവ സ്ഥലത്ത് പലപ്പോഴും ആളിപ്പടരുന്ന തീ പൂർണമായും നിയന്ത്രണത്തിലാക്കിയിട്ടുണ്ടോ ഇല്ലയോ എന്നതു അപ്രതീക്ഷിത ദിശകളിലേക്ക് പുക പടരുന്നത് തടയാൻ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധ്യമായതെല്ലാം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹരജി പരിഗണിക്കവേ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബ്രഹ്‌മപുരത്ത് വൈദ്യുതി വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബ്രഹ്‌മപുരത്തേക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യുന്നുവെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലവും ദുരന്ത നിവാരണ നിയമത്തിന് കീഴിലുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെയും ജില്ല കലക്ടറുടെയും സത്യവാങ്മൂലം പരിശോധിച്ചുവെന്ന് ഉത്തരവ് പറയുന്നു.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാൻ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള ദ്രുതകർമ സേനയെ നിയോഗിക്കണമെന്നും പ്ലാന്റിലെ മാലിന്യങ്ങൾ ഒഴുകിയെത്തി കടമ്പ്രയാറിനെ മലിനമാക്കുന്നതു തടയണമെന്നുമാവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ നൽകിയ ഹരജി ഹൈക്കോടതി മാർച്ച് 13 നു പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് അനുശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
എറണാകുളത്തെ ശുചിത്വ നഗരമാക്കാൻ പദ്ധതിയുമായി സർക്കാർ
കൊച്ചി-എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കർമ പദ്ധതിയുമായി സർക്കാർ. ബ്രഹ്‌മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന ഏഴിന കർമ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്‌മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യം. പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ല കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി എം.ബി. രാജേഷ് കർമ പദ്ധതി പ്രഖ്യാപിച്ചത്. മാർച്ച് 11 ന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പുക കുറഞ്ഞു
കൊച്ചി-ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിലെ 80 ശതമാനം തീയും പുകയും അണക്കാൻ കഴിഞ്ഞതായി മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവർ പറഞ്ഞു. പുക അണക്കലിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ബ്രഹ്‌മപുരത്ത് എത്തിയതായിരുന്നു ഇരുവരും. പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കാനാകും. തീയും പുകയും അണക്കാൻ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കുകയാണ്. ചില സ്ഥലങ്ങളിൽ ആറടിയോളം താഴ്ചയിൽ മാലിന്യത്തിൽനിന്ന് തീ പുകയുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് ശ്രമം. ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ അനുവദിക്കില്ലെന്നും മന്ത്രിമാർ അറിയിച്ചു.