VIDEO മുട്ടന്‍ എലി ബാലന്റെ ട്രൗസറിനുള്ളില്‍ കയറി കടിച്ചു; സംഭവം മക്‌ഡൊണാള്‍ഡ്‌സില്‍

ഹൈദരാബാദ്- മക്‌ഡൊണാള്‍ഡ്‌സില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന എട്ട് വയസുകാരന്റെ ട്രൗസറിനകത്ത് കയറിയ എലി അരക്കെട്ടിനു സമീപം കടിച്ചു.  
തെലങ്കാനയിലെ കൊമ്പള്ളിയിലാണ് സംഭവം.   റെസ്‌റ്റോറന്റിന്റെ ശുചിമുറിയില്‍ നിന്ന് സിറ്റൗട്ടിലേക്ക് ഓടിക്കയറിയ എലിയാണ് കുടുംബ സമേതം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിയെ കടിച്ചത്. സംഭവം നടക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ റസ്‌റ്റോറന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പിതാവ് മകനെ ബോവന്‍പള്ളിയിലെ ആശുപത്രിയിലെത്തിച്ച് ടെറ്റനസ് കുത്തിവയ്പ്പും പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്പ്പും നല്‍കി. റസ്‌റ്റോറന്റ് ശൃംഖലയുടെ മാനേജ്‌മെന്റിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കയാണ്.
റെസ്‌റ്റോറന്റിലെ വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ എലി മേശയ്ക്കടിയില്‍ ഒളിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് എട്ട്  വയസ്സായ ആണ്‍കുട്ടിയുടെ ട്രൗസറില്‍ ഓടിക്കയറുന്നതു കാണാം. അരക്കെട്ടിന് സമീപമാണ് കടിച്ചു. പിതാവ് ഉടന്‍ തന്നെ മകനെ വലിച്ചടുപ്പിച്ച ശേഷം എലിയെ പിടിച്ച് പുറത്തെടുക്കാനും കഴിഞ്ഞു.
കുട്ടിയുടെ ഇടതുകാലില്‍ രണ്ട്  മുറിവുകളുണ്ടെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിക്ക് രണ്ട് പേവിഷ പ്രതിരോധ കുത്തിവയ്പ്പുകള്‍ കൂടി നടത്താനുണ്ട്.
സംഭവം നടന്നപ്പോള്‍ റസ്‌റ്റോറന്റ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന് പിതാവ് ആരോപിച്ചു.  പോലീസ് അന്വേഷണം നടക്കുകയാണ്.

 

Latest News