Sorry, you need to enable JavaScript to visit this website.

സൗദി-ഇറാന്‍ മഞ്ഞുരുക്കം സാധിച്ചതെങ്ങനെ; വിശദവിവരങ്ങള്‍

റിയാദ് - മേഖലയില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ വകഞ്ഞുമാറ്റിയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും പൊന്‍കിരണങ്ങള്‍ പരത്തിയും, വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മുന്‍കൈയെടുത്ത് ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന അഞ്ചു ദിവസം ദിവസം നീണ്ട മാരത്തോണ്‍ ചര്‍ച്ചകളിലൂടെയാണ് സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായതെന്ന് സൗദി അറേബ്യയും ചൈനയും ഇറാനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പറഞ്ഞു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ മുസാഅദ് അല്‍ഈബാന്റെ നേതൃത്വത്തിലുള്ള സൗദി സംഘവും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്മിറല്‍ അലി ശംഖാനിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സംഘവുമാണ് ബെയ്ജിംഗില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ സൗദി, ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച ഇറാഖിനും ഒമാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കരാര്‍ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച ചൈനക്കും സൗദി, ഇറാന്‍ സംഘം നന്ദി പ്രകടിപ്പിച്ചു.
കരാര്‍ പ്രകാരം സൗദി അറേബ്യ ഇറാനിലെയും ഇറാന്‍ സൗദിയിലെയും എംബസികളും കോണ്‍സുലേറ്റുകളും രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തുറക്കും. രാജ്യങ്ങളുടെ പരമാധികാരം മാനിക്കുമെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും ഇരു രാജ്യങ്ങളും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ നടപ്പാക്കാനും അംബാസഡര്‍മാരെ പരസ്പരം നിയമിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനും സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ യോഗം ചേരും.
സൗദി അറേബ്യയും ഇറാനും 2001 ഏപ്രില്‍ 17 ന് ഒപ്പുവെച്ച സുരക്ഷാ സഹകരണ കരാറും സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാങ്കേതിക, ശാസ്ത്ര, സാംസ്‌കാരിക, സ്‌പോര്‍ട്‌സ്, യുവജന മേഖലകളില്‍ പരസ്പര സഹകരണത്തിന് 1998 മെയ് 27 ന് ഒപ്പുവെച്ച പൊതുകരാറും നടപ്പാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. മേഖലാ, ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കാന്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുമെന്നും സൗദി അറേബ്യയും ഇറാനും ചൈനയും വ്യക്തമാക്കി.
സൗദി, ഇറാന്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനം അറിയിച്ച് ഇന്നലെ ബെയ്ജിംഗില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ മുസാഅദ് അല്‍ഈബാനും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്മിറല്‍ അലി ശംഖാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സി.പി.സി) പൊളിറ്റിക്കല്‍ ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി അംഗവും സി.പി.സി സെന്‍ട്രല്‍ കമ്മിറ്റി ഫോറീന്‍ അഫയേഴ്‌സ് കമ്മീഷന്‍ ഡയറക്ടറുമായ വാംഗ് യി യുമാണ് ഒപ്പുവെച്ചത്.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും തീരുമാനത്തെ ലോക രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനെയും, യെമന്‍ യുദ്ധം അവസാനിപ്പിക്കാനും മധ്യപൗരസ്ത്യദേശത്ത് പിരിമുറുക്കങ്ങള്‍ ശാന്തമാക്കാനും നടത്തുന്ന ഏതു ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായി വൈറ്റ്ഹൗസ് പറഞ്ഞു. ഒമാനും ഇറാഖും തുര്‍ക്കിയും അടക്കം നിരവധി രാജ്യങ്ങള്‍ സൗദി, ഇറാന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
എട്ടു വര്‍ഷമായി തുടരുന്ന യെമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ സൗദി അറേബ്യയും യെമനും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാകുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍ സൗദിയില്‍ ഭീകര, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ശിയാ പണ്ഡിതന്‍ അടക്കമുള്ള ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി നയതന്ത്രകാര്യാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ വര്‍ഷങ്ങള്‍ക്കു മുമ്പ് വിച്ഛേദിച്ചത്. യെമനിലെ ഹൂത്തികളെ ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയതും കിഴക്കന്‍ സൗദിയില്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കിയതും കിഴക്കന്‍ സൗദിയില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതും ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു.

 

Latest News