റിയാദ് - ഇന്നലെ റിയാദിൽ നിര്യാതനായ യുവ പണ്ഡിതനും പ്രബോധകനുമായ മലപ്പുറം കുറുവ കരിഞ്ചാപ്പാടി സ്വദേശി ചക്കിപറമ്പൻ മൻസൂർ സലഫി (33)യുടെ മൃതദേഹം ഇന്ന് അസർ നമസ്‌കാരശേഷം റിയാദ് നസീം ഖബർസ്ഥാനിൽ മറവു ചെയ്യും. റിയാദ് അൽ റാജ്ഹി മസ്ജിദിലാണ് മയ്യിത്ത് നമസ്‌കാരം. ഇന്നലെയാണ് റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റലിൽ മൻസൂർ സലഫി നിര്യാതനായത്. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞമാസം 29ന് ഹുറൈമില ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി പിറ്റേ ദിവസം കിംഗ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദ് 270 കിലോമീറ്ററിന് അപ്പുറം സാജിറിൽ കാൾ ആന്റ് ഗൈഡൻസ് സെന്ററിൽ മലയാള വിഭാഗം പ്രബോധകനായി ജോലി ചെയ്യുകയായിരുന്നു. ആറ് വർഷം മുമ്പ് സൗദിയിലെത്തിയ മൻസൂർ സലഫി റിയാദിലും പരിസര പ്രദേശങ്ങളിലും മതപ്രബോധന വീഥിയിൽ സജീവമായിരുന്നു. ആലി ഹാജിയുടെയും ആയിശ വടേരി വറ്റല്ലൂരിന്റെയും മകനാണ്. സഹോദരങ്ങളായ സ്വലാഹുദ്ദീൻ സ്വലാഹി, (സനാബിൽഉലൂം കരിഞ്ചാപ്പാടി), താജുദ്ദീൻ സലഫി (റിയാദ് മറാത്ത് ദഅ്‌വ സെന്റർ), ഇമാദുദ്ദീൻ എന്നിവർ റിയാദിൽ എത്തിയിട്ടുണ്ട്. ഇസ്സുദ്ദീൻ സ്വലാഹി, നസറുദ്ദീൻ ജാമിഅ അൽഹിന്ദ്, ഫൗസിയ, നുസൈബ എന്നിവരാണ് മറ്റു സഹോദരങ്ങൾ. ഭാര്യ:ആബിദ കരുവള്ളി മക്കൾ: സ്വാലിഹ (10) സ്വാലിഹ് (നാല്).






