Sorry, you need to enable JavaScript to visit this website.

ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകാമെന്ന് സ്വപ്‌നയോട് പറഞ്ഞിട്ടുണ്ട്- വിജേഷ് പിള്ള

കൊച്ചി-സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ച വിജേഷ് പിള്ള ഇതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണത്തിലും അടിമുടി ദുരൂഹത. സ്വപ്‌ന സുരേഷിനെ കണ്ടിരുന്നുവെന്ന് ഇന്നലെ(വ്യാഴം)വിജേഷ് പിള്ള വ്യക്തമാക്കിയിരുന്നുവെങ്കിലും കൂടുതൽ വിശദാംശങ്ങൾ പറഞ്ഞിരുന്നില്ല. തനിക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ വിജേഷ് പിള്ള ഇന്ന് പറയുന്നത് താൻ ബി.ജെ.പി അനുഭാവിയാണ് എന്നാണ്. 
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വെബ്‌സീരീസ് നിർമ്മിക്കാനാണ് താൻ സ്വപ്‌ന സുരേഷിനെ കണ്ടതെന്നും വിജേഷ് പിള്ള ഇന്ന് പറഞ്ഞു. 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30 ശതമാനം ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. ഷൂട്ട് ചെയ്യാൻ സേഫ് ആയ സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ ഹരിയാനയിലോ ജയ്പൂരിലോ പോയി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞതായും വിജേഷ് പറഞ്ഞു.
'കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ചാണ് കണ്ടത്. ആ സമയം സരിത്തും കുട്ടികളുമെല്ലാം ഒപ്പമുണ്ടായിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂർ നേരം മാത്രമായിരുന്നു സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. ആക്ഷൻ എന്ന ഒ.ടി.ടിയുടെ ഉടമയാണ്. അതിൽ ഒരു വെബ് സീരീസ് നിർമിക്കുന്നുണ്ട്. അതിന് സ്വപ്നയുടെ കണ്ടന്റ് ആവശ്യമുണ്ട്. എന്നാൽ കൂടുതൽ കാര്യങ്ങൾ സ്വപ്ന തന്നോട് ചോദിച്ച് അറിയുകയായിരുന്നു. ഒരു ഇന്റർവ്യൂപോലെ കുറച്ച് കാര്യങ്ങൾ എടുക്കുക മാത്രമായിരുന്നു ഉദ്ദേശം. സ്വപ്നയുടെ ഒരു കണ്ടന്റിനൊക്കെ ഒരു കോടിയോളമാണ് കാഴ്ചക്കാർ. അത്രയും ബിസിനസ് നടക്കുകയാണെങ്കിൽ 30 ശതമാനം വരുമാനം പങ്കുവയ്ക്കാം എന്ന് പറഞ്ഞു. കണ്ടന്റിന് 100 കോടി വ്യൂസ് കിട്ടിയാൽ അതിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കി. 

ഇത്രയധികം പണം കിട്ടിയാൽ മലേഷ്യയിലോ മറ്റോ പോയി സേഫ് ആകാം എന്ന് ഞാൻ പറഞ്ഞിരുന്നു. ആരും പറഞ്ഞിട്ടല്ല ഞാൻ സ്വപ്നയെ കണ്ടത്. എന്റെ കമ്പനിക്ക് വേണ്ടി കണ്ടന്റ് ചെയ്യാനാണ്. സ്വപ്ന അന്ന് പറഞ്ഞത് ഇതിന്റെ സ്‌ക്രിപ്റ്റ് സ്വപ്ന തയ്യാറാക്കുമെന്നാണ്. സ്വപ്നയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇ-മെയിലായാണ് പരാതി നൽകിയിരിക്കുന്നത്. സ്വപ്നയുടെ പ്ലാനിലേക്ക് എന്നെ പെടുത്തുകയായിരുന്നു എന്നാണ് തോന്നുന്നത്. നിങ്ങൾ ഓരോ ദിവസവും ഓരോരുത്തരുടെ പേരാണ് കേസിലേക്ക് ഇടുന്നത്. അത് പ്രശ്നമാകില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു അവർ സേഫ് അല്ല, അതിനനുസരിച്ചുള്ള സ്ഥലത്ത് വേണം ഷൂട്ട് ചെയ്യാനെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോയി ഷൂട്ട് ചെയ്യാമെന്ന്. ഇതാണ് സ്വപ്‌ന ദുർവ്യാഖ്യാനം ചെയ്തത് എന്നും വിജേഷ് പിള്ള പറയുന്നു.
അതേസമയം, വിജേഷ് പിള്ളയുടെ വിശദീകരണം പുറത്തുവന്ന ഉടൻ ആരോപണം ആവർത്തിച്ച് സ്വപ്‌നം സുരേഷ് രംഗത്തെത്തി. ആരോപണങ്ങളെല്ലാം വിജയ് പിള്ള എന്ന വിജേഷ് പിള്ള സമ്മതിച്ചു കഴിഞ്ഞെന്ന് വ്യക്തമാക്കിയാണ് സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. 
എന്തായാലും വിജേഷ് പിള്ള എന്ന വിജയ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം.വി ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു. എയർപോർട്ടിൽ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണ്ണ കടത്ത് കേസിലെ തെളിവുകൾ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ് എന്നാണ്. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇഡി ക്കും ഉൾപ്പടെ ഉള്ള ഏജൻസികൾക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജൻസികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ ആരംഭിച്ചു.  ഇനി ഏജൻസികൾ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസിൽ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാൻ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തിൽ എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ തെളിവുകൾ പുറത്ത് വിടാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അവിടെ ഞാൻ അത് ഹാജരാക്കിക്കൊള്ളാം. എം.വി ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാൻ കരുതുന്നു.


 

Latest News