സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തനിക്കെതിരെ റിസോര്‍ട്ട് വിവാദം ഉന്നയിച്ചിരുന്നെന്ന് ഇ പി ജയരാജന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : സി പി എം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ തനിക്കെതിരെ റിസോര്‍ട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചെന്ന്  വെളിപ്പെടുത്തി ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.  അഴിമതി ആരോപണം എന്ന നിലയിലല്ല പി ജയരാജന്‍ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയര്‍ത്തിയതെന്നും ഇ പി പറഞ്ഞു. വൈദേകം മുന്‍ എം ഡി രമേഷ് കുമാര്‍ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളത്തിലെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജനെതിരെ ഇത്തരത്തില്‍ യാതൊരു പരാതിയോ പരാമര്‍ശമോ  പി. ജയരാജന്‍ ഉന്നയിച്ചിരുന്നില്ലെന്നും അത് വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റു സി പി എം നേതാക്കളും ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ തനിക്കെതിരെ റിസോര്‍ട്ട് വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ടെന്ന് ഇ പി ജയരാജന്‍ തന്നെ തുറന്ന് പറഞ്ഞതോടെ സി പി എം നേതൃത്വം വെട്ടിലായിരിക്കുകയാണ്.

അതേസമയം രാഷ്ട്രീയമായി ഏറെ വിവാദം സൃഷ്ടിച്ച കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ വിറ്റഴിക്കാന്‍  ഇ പി ജയരാജന്റെ കുടുംബം തീരുമാനിച്ചിരിക്കുകയാണ്. ഓഹരി വില്‍ക്കാനുള്ള സന്നദ്ധത ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഭാര്യ ഇന്ദിര ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികള്‍ വാങ്ങിയതെന്ന് ആരോപണത്തിന് മറുപടിയായി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ ഡയറക്ടര്‍ ബോര്‍ഡിനോ അവര്‍ നിര്‍ദേശിക്കുന്ന വ്യക്തിക്കോ കൈമാറ്റം ചെയ്യാന്‍ തയ്യാറാണെന്ന നിലപാടിലാണ് കുടുംബം.

 

Latest News