കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ :  കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വയിലെ കൃഷി ഓഫീസര്‍ എം.ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ഉത്തരവനുസരിച്ചാണ് നടപടി. കള്ളനോട്ടിന്റെ ഉറവിടം പൊലീസിനോട് വെളിപ്പെടുത്താന്‍ ജിഷമോള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ രാത്രിയാണ് മാവേലിക്കര ജയിലില്‍ നിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ജിഷയെ മാറ്റിയത്. ജയിലില്‍ വെച്ച് ഇവര്‍ അസ്വാഭാവികമായി പെരുമാറിയിരുന്നു. മൂന്ന് വര്‍ഷമായി ജിഷമോള്‍ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നയാളെന്നും ചികിത്സ വേണമെന്നും ഇവരുടെ അഭിഭാഷകന്‍  കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ജിഷമോള്‍ നല്‍കിയ കള്ളനോട്ടുകള്‍ മറ്റൊരാള്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.  വ്യാജനോട്ടുകളാണ് താന്‍ നല്‍കിയതെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും.  മാനസിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനായില്ല.

 

Latest News