Sorry, you need to enable JavaScript to visit this website.

മുട്ടയായിരിക്കേ മോഷ്ടിച്ചു, 20 കൊല്ലത്തിന് ശേഷം  ഭീമന്‍ ചീങ്കണ്ണിയായി മൃഗശാലയിലെത്തിച്ചു 

ടെക്‌സസ്- അമേരിക്കന്‍ മൃഗശാലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചീങ്കണ്ണി മുട്ട നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 8 അടി നീളമുള്ള ഭീമന്‍ ചീങ്കണ്ണിയുടെ രൂപത്തില്‍ അതേ മൃഗശാലയില്‍ തിരിച്ചെത്തി. സാന്‍ ആന്റണിയോ നഗരത്തില്‍ നിന്ന് 30 മൈല്‍ അകലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ന്യൂ ബ്രോണ്‍ഫല്‍സിലെ അനിമല്‍ വേള്‍ഡ് ആന്‍ഡ് സ്‌നേക്ക് ഫാം  മൃഗശാലയില്‍ നിന്ന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ചീങ്കണ്ണിയുടെ മുട്ട മോഷണം പോയി.
ഇവിടെ വോളന്റിയറായി ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു മോഷണത്തിന് പിന്നില്‍. ഈ മുട്ട സ്ത്രീ തന്റെ വീട്ടിലെത്തിക്കുകയും വൈകാതെ ചീങ്കണ്ണിക്കുഞ്ഞ് പുറത്തുവരികയും ചെയ്തു. ചീങ്കണ്ണിയ്ക്ക്  ടെവ  എന്ന പേര് നല്‍കിയ സ്ത്രീ അതിനെ തന്റെ ഓമന മൃഗമായി വളര്‍ത്തി. വീടിന്റെ പിറകിലായി ഒരു ചെറിയ കുളം നിര്‍മ്മിച്ചു. കുളത്തിലായിരുന്നു ചീങ്കണ്ണിയുടെ വാസം.
അടുത്തിടെ തെക്കന്‍ ഓസ്റ്റിനിലെ കാല്‍ഡ്വെല്‍ കൗണ്ടിയില്‍ ഒരു വേട്ടയാടല്‍ കേസ് അന്വേഷിച്ച ടെക്‌സസ് പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ്ലൈഫ് അധികൃതര്‍ യാദൃശ്ചികമായാണ് ചീങ്കണ്ണി മോഷണത്തിന്റെ ചുരുളഴിയിച്ചത്. ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഈ വീട്ടിലെത്തിയപ്പോള്‍ ചീങ്കണ്ണിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തെത്തിയത്.
ടെക്‌സസില്‍ പ്രത്യേക പെര്‍മിറ്റ് കൈവശമുള്ളവര്‍ക്കേ ചീങ്കണ്ണിയെ വളര്‍ത്താന്‍ അനുമതിയുള്ളൂ. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേ സമയം, റ്റെവയെ കഴിഞ്ഞ 20 വര്‍ഷവും മികച്ച പരിചരണം നല്‍കിയാണ് സ്ത്രീ വളര്‍ത്തിയതെന്നും എന്നാല്‍ വലിപ്പത്തിനനുസരിച്ചുള്ള കുളത്തിലല്ല അത് ജീവിച്ചതെന്നും അധികൃതര്‍ പറയുന്നു.  നിയമപരമായി സ്വന്തമാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടു. ഇതോടെ മൃഗശാല അധികൃതര്‍ തന്നെ  ഏറ്റെടുത്തു. സ്ത്രീയ്ക്ക് വന്‍തുക പിഴ ഈടാക്കിയേക്കും. 
 

Latest News