നിപ്പാ ഭീതി: പേരാമ്പ്രയില്‍ കുഴഞ്ഞുവീണയാള്‍ തെരുവില്‍ കിടന്നത് മൂന്ന് മണിക്കൂര്‍

പേരാമ്പ്ര- നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ നടന്ന പേരാമ്പ്രയ്ക്കടുത്ത ചെമ്പനോട്് ടൗണിലെ ബസ്റ്റോപ്പില്‍ കുഴഞ്ഞു വീണ വയോധികനെ നിപ്പാ ഭീതിയെ തുടര്‍ന്ന് ആരും തിരിഞ്ഞു നോക്കിയില്ല. മൂന്ന് മണിക്കൂറോളം സമയം ഇയാള്‍ അപകടാവസ്ഥയില്‍ തെരുവില്‍ കിടന്നു. പ്രദേശത്തുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാര്‍ ആംബുലന്‍സുമായി എത്തിയാണ് ഇയാളെ  ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത്. പേരാമ്പ്രയില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന തമിഴനാട് സ്വദേശി ശേഖറാണ് കുഴഞ്ഞു വീണത്. നിപ്പാ ബാധയുടെ പശ്ചാത്തലത്തില്‍ കയ്യുറയോ മാസ്‌കോ ഇല്ലാത്തതാണ് നാട്ടുകാരെ വീണു കിടക്കുന്ന ശേഖറില്‍ നിന്ന് അകറ്റിയത്. 

വീഴ്ചയില്‍ ശേഖറിന്റെ നെറ്റിയില്‍ മുറിവേറ്റു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരികയും ചെയ്തിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് ശേഖറിനെ പരിശോധിച്ച ഡോക്ടര്‍ എ.പി ശ്രീജ പറഞ്ഞു. അല്‍പ്പ സമയം കൂടി വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലാകുമായിരുന്നെന്നും അവര്‍ പറഞ്ഞു. നിപ്പ ഭീതിയില്‍ മറ്റു അസുഖങ്ങളുള്ളവരെ രക്ഷിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Latest News