സ്വപ്‌ന സുരേഷ് പറഞ്ഞ വിജേഷ് പിള്ള തട്ടിപ്പുകാരനെന്ന് സിനിമാ സംവിധായകന്‍ മനോജ് കാന

കൊച്ചി- സ്വപ്‌ന സുരേഷിന് മുപ്പത് കോടി രൂപ  വാഗ്ദാനം ചെയ്തു പറയുന്ന വിജേഷ് പിള്ള തട്ടിപ്പുകാരനെന്നും തന്നെയും പറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ മനോജ് കാന. തന്റെ സിനിമ കെഞ്ചിര ഒ. ടി. ടിയില്‍ റിലീസ് ചെയ്യാമെന്നു പറഞ്ഞാണ് കബളിപ്പിച്ച് കരാറുണ്ടാക്കിയതെന്നും എന്നാല്‍ സിനിമ വരാതായതോടെ തങ്ങള്‍ കരാറില്‍ നിന്നും പിന്മാറിയെന്നും മനോജ് കാന പറഞ്ഞു. ഇത്തരത്തില്‍ സിനിമാ മേഖലയില്‍ തന്നെ നിരവധി പേരെ പറ്റിച്ച ചരിത്രമുള്ളയാളാണെന്നും നാണക്കേട് ഭയന്ന് ആരും പുറത്തു പറയാത്തതാണെന്നും മനോജ് കാന പറയുന്നു. 

സ്വപ്‌ന സുരേഷിന്റെ ആരോപണം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്നു കൂടി ചൂണ്ടിക്കാട്ടിയ മനോജ് കാന രാഷ്ട്രീയ തോക്കള്‍ക്കൊന്നും വിജേഷിനെ പരിചയമുണ്ടാകാന്‍ സാധ്യതയില്ലെന്നും പറഞ്ഞു. 

കെഞ്ചിരയ്ക്ക് അവാര്‍ഡ് ലഭിച്ച് ഒ. ടി. ടി റിലീസിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് സിനിമാ സംവിധായകനായ ഗിരീഷ് കുന്നമ്മല്‍ എന്നയാള്‍ വിജേഷിന്റെ ആക്ഷന്‍ ഒ. ടി. ടിയെ കുറിച്ച് പറഞ്ഞറിഞ്ഞാണ് എം. ഡിയെ കാണാന്‍ നേരിട്ടു പോയത്. ലോകത്തെ ഏറ്റവും മികച്ച ഒ. ടി. ടി പ്ലാറ്റ്ഫോമെന്നാണ് അവര്‍ അവകാശപ്പെട്ടതെന്നും പൈറസി ബ്ലോക്ക് ഉള്‍പ്പെടെ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കരാറില്‍ ഒപ്പുവെച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ഒരു നടിയാണ് സിനിമ ലോഞ്ച് ചെയ്യുന്നതെന്ന് പറഞ്ഞെങ്കിലും നടി വരികയോ സിനിമ ഒ. ടി. ടിയില്‍ കാണിക്കുകയോ ചെയ്തില്ല. ഒ. ടി. ടി പ്ലാറ്റ്‌ഫോമിന്റെ ആപ്പില്‍ കയറാന്‍ സാധിക്കുമെങ്കിലും സിനിമ കാണാന്‍ കഴിയുമായിരുന്നില്ലെന്നും മനോജ് കാന പറഞ്ഞു. ഒരാഴ്ച കാത്തിരുന്നിട്ടും സിനിമ കാണാന്‍ സാധിക്കാതായതോടെ തങ്ങള്‍ കരാറില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും മനോജ് കാന പറഞ്ഞു. 

ഗിരീഷും വിജേഷും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പാണ് ഇതെന്ന് പിന്നീട് മനസ്സിലായെന്നും കേസ് കൊടുക്കാന്‍ നോക്കിയപ്പോഴാണ് കരാര്‍ അവരുടെ ഭാഗത്തു നിന്നുമാത്രം തയ്യാറാക്കിയതാണെന്നും മനോജ് കാന പറഞ്ഞു.

സംവിധായകനായ ഗിരീഷ് പടം അനൗണ്‍സ് ചെയ്ത് പാട്ട് റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഫോട്ടോ വെച്ച് വാര്‍ത്ത കൊടുക്കുകയും പിന്നാലെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ എന്നുപറഞ്ഞ് ഗള്‍ഫ് മേഖലകളില്‍ നിന്ന് പണം വാങ്ങിയെടുക്കുകയുമാണ് ഇവരുടെ രീതിയെന്നും മനോജ് കാന ആരോപിച്ചു. പല സിനിമകളും അനൗണ്‍സ് ചെയ്‌തെങ്കിലും ഒറ്റ സിനിമ മാത്രമാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Latest News