Sorry, you need to enable JavaScript to visit this website.

സ്വപ്‌ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയുടേത് ദുരൂഹ ജീവിതം, മൊറാഴ സ്വദേശി

തിരുവനന്തപുരം- സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഇടനിലക്കാരൻ വിജേഷ് പിള്ള കണ്ണൂർ ജില്ലയിലെ മൊറാഴ സ്വദേശി. ഇയാളുടെ യഥാർത്ഥ പേര് വിജയ് കൊയിലേത്ത് എന്നാണെന്ന വിവരവും പുറത്തുവന്നു. ഇന്ന് ബംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സ്വപ്‌ന സുരേഷ് ഇയാൾക്കെതിരെ തെളിവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരായ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അറിവോടെ ഇയാൾ എത്തിയെന്നാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്. മൊറാഴ സ്വദേശിയായ ഇയാൾ ദുരൂഹത നിറഞ്ഞ വ്യക്തിത്വമാണ്. ആഡംബരകാറുകളിൽ സഞ്ചരിക്കുന്ന ഇയാൾ രണ്ടു ദിവസം മുമ്പ് വീട്ടിലെത്തിയിരുന്നു. 
ഡബ്യു.ജി.എൻ എന്ന സോഫ്റ്റ് വെയർ കമ്പനി നടത്തിയിരുന്നു. ഇതിനൊപ്പം ഒ.ടി.ടി പ്ലാറ്റ്‌ഫോമും നടത്തിയിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോമിൽ പുതിയ സിനിമകൾ ഒന്നും ലഭിച്ചിരുന്നില്ല. സാമ്പത്തിക ഇടപാടുകളിൽ വിജേഷ് പിള്ള ക്രമക്കേട് നടത്തി എന്നാണ് വിവരം. പിന്നീട് ഇയാൾ ഭക്ഷണ വിതരണത്തിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമും ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതും വിജയിച്ചില്ല. ഇയാൾക്ക് എന്തെങ്കിലും രാഷ്ട്രീയ ബന്ധങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ സ്വപ്ന സുരേഷ് ഇയാളുടെ പേര് വിജയ് പിള്ള എന്നായിരുന്നു പറഞ്ഞത്. അതേസമയം ഇയാളുടെ പേര് വിജേഷ് പിള്ള എന്നാണ് പുറത്തുവരുന്ന വിവരം.ഹൈദരാബാദ് കേന്ദ്രമാക്കിയാണ് വിജേഷ് പിള്ള പ്രവർത്തിക്കുന്നത്. 


സ്വപ്‌ന സുരേഷിന് മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്ത വിജേഷ് പിള്ളക്ക് കൊച്ചിയിൽ ഓഫീസ്. 2017ൽ ഡബ്യു.ജി എന്ന സ്ഥാപനവുമായി വിജേഷ് പിള്ള കൊച്ചിയിൽ ഓഫീസ് പ്രവർത്തിച്ചിരുന്നു. ആറു മാസം മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്. എന്നാൽ അതിന് ശേഷം വാടക നൽകാത്തതിനെ തുടർന്ന് ഓഫീസ് പൂട്ടി പോകുകയായിരുന്നു. വാടക കുടിശിക നൽകാതെയാണ് ഇയാൾ കൊച്ചിയിൽനിന്ന പോയത്. 2018ൽ തന്നെ ഇയാളെ പറ്റി അന്വേഷണ സംഘം വന്നിരുന്നു. അടുത്ത ദിവസങ്ങളിലും വിജേഷ് പിള്ളയെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നുവെന്നും കൊച്ചിയിലെ സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. ഇന്ന് കേരള പോലീസും വിജേഷ് പിള്ളയെ അന്വേഷിച്ച് ഫോൺ ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡിയും കൊച്ചിയിലെ ഓഫീസിൽ എത്തിയിരുന്നു.വിജേഷ് പിള്ള ബെംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎൻ ഇൻഫോടെക്‌ ്രൈപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ആക്ഷൻ ഒ.ടി.ടി എന്ന സ്ഥാപനവും രണ്ടുവർഷം മുമ്പു തുടങ്ങിയത്. ഇയാൾ എറണാകുളം സ്വദേശിയാണെന്നും പറയപ്പെടുന്നു. 

സ്വപ്‌നയുടെ വാക്കുകൾ:

സ്വർണ്ണ കള്ളക്കടത്തുകാരിയായാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ അത്തരക്കാരിയല്ല. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു. ശിവശങ്കറും സി.എം രവീന്ദ്രനും എല്ലാം ഇതിന് കൂട്ടുനിന്നു. എന്നെ ഡി.ഐ.ജി അടക്കമുള്ളവർ പ്രയാസത്തിലാക്കി. ജയിലിൽ പ്രവേശിച്ച സമയത്ത് തന്നെ സത്യം വിളിച്ചുപറയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിച്ചില്ല. ശിവശങ്കറിന്റെ കള്ളം പുറത്ത് അറിഞ്ഞതോടെയാണ് ഞാൻ സത്യം ലോകത്തോട് വിളിച്ചുപറയാൻ തുടങ്ങിയത്.
കണ്ണൂരിലെ വിജയ്പിള്ള എന്നയാൾ മൂന്നു ദിവസം മുമ്പ് ബംഗളൂരുവിൽ എത്തി. എന്നെ ഇന്റർവ്യൂ എടുക്കാൻ എന്ന് പറഞ്ഞാണ് വിളിച്ചത്. സ്വപ്‌ന സുരേഷിന് ഒരാഴ്ചത്തെ സമയം തരാം. ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണം. എല്ലാ തെളിവുകളും കൈമാറണം. മുഖ്യമന്ത്രി, മകൾ, ഭാര്യ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും കൈമാറണം എന്നായിരുന്നു ആവശ്യം. തീരുമാനം അനുസരിച്ചില്ലെങ്കിൽ തീർത്തുകളയും എന്നാണ് ഭീഷണി. എല്ലാം അവസാനിപ്പിച്ച്, ജനങ്ങളോട് മാപ്പു പറയണം. ഒരു മാസത്തിനകം ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് ലഭിക്കും. മലേഷ്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ മാറണം. മുപ്പത് കോടിയാണ് വാഗ്ദാനം നൽകിയത്. അവിടെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കും. എം.വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എം.എ യൂസഫലിക്ക് വിവിധ എയർപോർട്ടുകളിൽ സ്വാധീനമുണ്ട്. അദ്ദേഹം യു.എ.ഇയിലെ സ്വാധീനം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കും എന്നാണ് പറഞ്ഞത്.
മരണം ഉറപ്പാണ് എന്നാണ് എനിക്ക് മനസിലാകുന്നത്. അവസാനം വരെ പോരാടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തെ ഇല്ലാതാക്കാനുള്ള വഴി സ്വീകരിച്ചിട്ടില്ല. സത്യം പുറത്തുവരുമ്പോൾ സന്തോഷമാണ്. ആദ്യം രണ്ടു ദിവസത്തെ സമയമാണ് കണ്ണൂരിൽനിന്നെത്തിയ വിജയ് പിള്ള നൽകിയത്. ഇയാളുടെ ചിത്രവും മറ്റു കാര്യങ്ങളും കർണാടക മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുഴുവൻ ബിസിനസ് സാമ്രാജ്യങ്ങളും പുറത്തുവിടും. എന്നെ തകർത്തുകളയാമെന്ന് വിചാരിക്കരുത്. മിനിയാന് രാത്രിയും വിജയ് പിള്ള വിളിച്ചിരുന്നു. ഇ.ഡി സമൻസ് അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് വിളിച്ചത്. എന്നെ വിശ്വസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും കള്ളക്കടത്തുകാരിയാണെന്ന് കരുതുന്നവരോടും മുഖ്യമന്ത്രിയോടും ഉറപ്പിച്ചു പറയുകയാണ്. ഒരിക്കലും പിറകോട്ട് പോകില്ല. ഗോവിന്ദൻ മാഷ്‌ക്ക് എന്നെ കൊല്ലണമെങ്കിൽ നേരിട്ടു വരാം. ഞാൻ ഒളിച്ചോടില്ല. എന്നെ വേണമെങ്കിൽ ജയിലിൽ ഇടാം. ഞാൻ ഇല്ലെങ്കിൽ എന്റെ കുടുംബം ഈ പോരാട്ടവുമായി മുന്നോട്ടുപോകും. ഇതിന്റെ അവസാനം കണ്ടേ അടങ്ങൂവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
 

Latest News