ജിസാൻ - നുഴഞ്ഞുകയറ്റക്കാരെ കടത്തിയ ഇന്ത്യക്കാരനെ ജിസാനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനി ഉടമസ്ഥതയിലുള്ള ലോറിയിൽ 46 നുഴഞ്ഞുകയറ്റക്കാരെ കടത്തുന്നതിനിടെയാണ് ഇന്ത്യക്കാരൻ കുടങ്ങിയത്. നുഴഞ്ഞുകയറ്റക്കാരിൽ 33 പേർ യെമനികളും 13 പേർ എത്യോപ്യക്കാരുമായിരുന്നു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നാടുകടത്താൻ നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഇന്ത്യക്കാരനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി ജിസാൻ പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, നുഴഞ്ഞുകയറ്റക്കാരായ മൂന്നു എത്യോപ്യക്കാർക്ക് യാത്രാ സൗകര്യം നൽകിയ രണ്ടു സൗദി യുവാക്കളെ ജിസാൻ പ്രവിശ്യയിൽ പെട്ട അൽഈദാബിയിൽ വെച്ച് സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം പിടികൂടി. തുടർ നടപടികൾക്ക് നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും സൗദി യുവാക്കളെ പബ്ലിക് പ്രോസിക്യൂഷനും കൈമാറി.






