അബഹ - വ്യാജ ഓഫർ പ്രഖ്യാപിച്ച് വാണിജ്യ വഞ്ചന നടത്തി ഉപയോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിന് അസീർ പ്രവിശ്യ അപ്പീൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ സഈദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽസൈ്വഅരിയുടെ ഉടമസ്ഥതയിൽ അബഹയിൽ റെഡിമെയ്ഡ് വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഇഖ്തിയാറുനാ അൽഅവ്വൽ എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ.
വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധ പരസ്യം നീക്കം ചെയ്യാനും വിധിയുണ്ട്. വ്യാജ ഓഫറുകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.