വിദേശത്ത് പഠിക്കാൻ പോയവരെല്ലാം രക്ഷപ്പെട്ടുവെന്ന പ്രചാരണം ശക്തമാണ്. എന്നാൽ വസ്തുത അതല്ല. ഏജൻസകൾക്കു ഒരു വിദ്യാർഥിയിൽനിന്ന് 10 മുതൽ 20 ശതമാനം വരെ കമ്മീഷൻ ലഭിക്കുന്നുണ്ട്. മൂവായിരത്തോളം ഏജൻസികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കുട്ടികളെ എങ്ങനെയും വലയിലാക്കി കീശ വീർപ്പിക്കുന്ന സമീപനമാണ് അവരിലധിക പേർക്കുമുള്ളത്. അന്വേഷണത്തിന് എത്തുന്ന വേളയിൽ എല്ലാം എളുപ്പം എന്ന രീതിയിലായിരിക്കും ഏജൻസികളുടെ സംസാരം. കാര്യത്തോട് അടുക്കുമ്പോഴാണ് ഓരോന്നിലുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കുന്നത്.
പ്രവാസം കേരളത്തിന് സമ്മാനിച്ചത് സ്വപ്ന ലോകമായിരുന്നു. കേരളത്തിന്റെ സർവതോമുഖ വളർച്ചയിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഒരു ഉപപോക്തൃ സംസ്ഥാനമായിരുന്നിട്ടു കൂടി ഇന്ത്യയുടെ ജി.ഡി.പി സൂചികയിൽ മുന്നിട്ടു നിന്നിരുന്നത് കേരളമായിരുന്നു. കാരണം കേരളത്തിന്റെ ജിഡിപിയുടെ ഏതാണ്ട് 20 ശതമാനം പ്രവാസികളുടെ സംഭാവനയായിരുന്നു. കോടിക്കണക്കിനു രൂപയാണ് വിദേശികളുടെ നിക്ഷേപമായി കേരളത്തിലെത്തിയിരുന്നത്. ഇത്രയും കാലം കേരളത്തിൽനിന്നു പുറത്തു പോയി അധ്വാനിച്ച് ലഭിക്കുന്ന സമ്പാദ്യം കേരളത്തിലെത്തിക്കുകയും അതു സംസ്ഥാനത്ത് ചെലവഴിക്കുകയുമായിരുന്നു. എത്ര വർഷം കഴിഞ്ഞാലും പ്രവാസം അവസാനിപ്പിച്ച് അവർ സംസ്ഥാനത്തു തന്നെ തിരിച്ചെത്തുമായിരുന്നു. ഇന്നു സ്ഥിതി മാറുകയാണ്. കേരളം വിടുന്നവരിൽ നല്ല ശതമാനം പേരും കേരളത്തെ എന്നന്നേക്കുമായി കൈയൊഴിയുന്ന സാഹചര്യമാണ്. മാത്രമല്ല, കേരളത്തിൽനിന്നു വൻ തുകയുമായിട്ടാണ് അവർ പോകുന്നത്. പറഞ്ഞു വരുന്നത് കേരളത്തിന്റെ യുവ തലമുറ പഠനത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോൾ കേരളത്തിന്റെ യുവത്വവും ബുദ്ധിയും മാത്രമല്ല, കേരളത്തിന്റെ സമ്പത്തുമാണ് നഷ്ടമാകുന്നത്.
കേരളത്തിൽനിന്ന് ഇക്കഴിഞ്ഞ വർഷം മാത്രം അര ലക്ഷത്തോളം കുട്ടികളാണ് പഠനത്തിനായി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൺ, യൂറോപ്യൻ യൂനിയൻ തുടങ്ങിയ രാജ്യങ്ങളിലേക്കു പോയത്. മലേഷ്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കു പോകുന്നവരും നിരവധിയാണ്. ഓരോ കുട്ടിയും കുറഞ്ഞത് 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പഠന യാത്ര നടത്തുന്നത്. 30-40 ലക്ഷം രൂപ ഫീസ് വേണ്ടിവരുന്ന കോളേജുകളിൽ പ്രവേശനം നേടുന്നുന്നവരുണ്ട്. ഈയിനത്തിൽ പ്രതിവർഷം കേരളത്തിനു നഷ്ടമാകുന്നത് ഒരു ലക്ഷത്തോളം കോടി രൂപയാണ്. ഇങ്ങനെ പോകുന്ന കുട്ടികളിൽ അധികപേരും പഠനം കഴിഞ്ഞ് തിരിച്ചുവരാം എന്ന ലക്ഷ്യത്തോടെയല്ല പോകുന്നത്. പഠനത്തോടൊപ്പം അവിടെ ജോലി ചെയ്തു തുടങ്ങി അതിനു ശേഷവും അവിടെ സ്ഥിരതാമസമാക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്. ഇതു വഴി കേരളത്തിനു നഷ്്ടമാകുന്നത് യുവതയും സമ്പത്തുമാണ്.
കേരള ജനസംഖ്യയിൽ ഇപ്പോൾ തന്നെ 15 ശതമാനത്തിലേറെയാണ് വൃദ്ധർ. അതു താമസിയാതെ 25 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻകാലങ്ങളിൽ കേരളത്തിൽനിന്നു അധിക പേരും പോയിരുന്നത് ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ എത്ര വർഷം താമസിച്ചാലും പൗരത്വം ലഭിക്കുക എളുപ്പമല്ല. കേരളവും ഗൾഫുമായുള്ള സാമീപ്യവും എളുപ്പം എത്തിച്ചേരാനാവുമെന്നതുമെല്ലാം ഗൾഫിൽ തൊഴിലെടുക്കുന്നവരെ കേരളവുമായി എപ്പോഴും അടുപ്പിച്ചിരുന്നു. മൂന്നും നാലും പതിറ്റാണ്ടുകൾ പണിയെടുത്തവർ വരെ കേരളത്തിലാണ് ശിഷ്ടകാലം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നത്. കുടുംബവുമായി കഴിഞ്ഞിരുന്നവരും കേരളത്തിലേക്കു തന്നെ മടങ്ങി എത്തിയിരുന്നു. ഇപ്പോൾ ഗൾഫിൽനിന്ന് മടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. സ്വദേശിവൽക്കരണവും തൊഴിൽ രംഗത്തെ കടുത്ത മത്സരവുമെല്ലാം തൊഴിൽ സാധ്യതകൾ കുറച്ചതോടെ ഗൾഫ് മോഹത്തിന് തിരശ്ശീല വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ കേരളത്തിലേക്കുള്ള വരുമാനവും കുറയാൻ തുടങ്ങി.
ഇന്ന് കേരളത്തിൽനിന്നുള്ളവർ മാത്രമല്ല, ഗൾഫിൽ കഴിഞ്ഞിരുന്ന കുട്ടികൾ വരെ മറ്റു രാജ്യങ്ങളിലേക്കു പഠിക്കാൻ പോകുന്നതു തന്നെ കാലാകാലം അവിടെ എങ്ങനെയും പിടിച്ചുനിൽക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്. ഇത്തരം രാജ്യങ്ങളിൽ നേരത്തെ കുടിയേറിയവരിൽ പലരും പൗരത്വമോ, പെർമനന്റ് റസിഡൻസിയോ സമ്പാദിച്ച് അവിടെ കൂടുകയാണ് പതിവ്. അതിനിപ്പോൾ കൂടുതൽ ആക്കം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ 16.6 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. വിദേശകാര്യ മന്ത്രി ലോക്സഭയിൽ അടുത്തിടെ വെളിപ്പെടുത്തിയ കണക്കാണിത്. 2015 ൽ 1,31,489 പേരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കിൽ കഴിഞ്ഞ വർഷം 2,22,620 പേരാണ് ഇന്ത്യയോട് വിടപറഞ്ഞത്. ഇതിൽ നല്ലൊരു ശതാനം പേർ മലയാളികളാണ്.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ അധികപേരും നാടുവിടാൻ ആഗ്രഹിക്കുന്നത്. തൊഴിൽ നൈപുണ്യവുമായി ബന്ധപ്പെട്ട മികച്ച കോഴ്സുകളുടെ അഭാവം, ഗവേഷണ മേഖലയുടെ അപര്യാപ്തത, കോളേജുകളും തൊഴിൽ ശാലകളുമായുള്ള പരസ്പര ബന്ധത്തിന്റെ കുറവ് ഇവയെല്ലാം പുതിയ തലമുറയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിനേക്കാളുപരി തൊഴിലിടങ്ങളിലും സാമൂഹിക മേഖലകളിലുമുള്ള അരക്ഷിതാവസ്ഥ. ലോക സർവകലാശാല റാങ്കിംഗിൽ ആദ്യ 300 സർവകലാശാലകളുടെ പട്ടികയിൽ ഒന്നു പോലും ഇന്ത്യയിൽ തന്നെയില്ല. കേരളത്തിന്റെ കാര്യം പറയുകയും വേണ്ട. രാഷ്ട്രീയത്തിന്റെയും സദാചാരത്തിന്റെയും പേരിലെല്ലാമുള്ള അനാവശ്യ ഇടപെടലുകൾ സൈ്വരജീവിതത്തെയും തകർക്കുകയാണ്. മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നു കയറ്റം കേരളത്തിൽ വളരെ കൂടുതലാണ്. പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഇത് അരോചകമുണ്ടാക്കുന്ന ഒന്നാണ്. എന്തു പഠിച്ചാലും ജോലി കിട്ടുക എളുപ്പമല്ല, കിട്ടിയാൽ തന്നെ തുഛവേതനം. ഇത്തരമൊരു സാഹചര്യത്തിൽ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്നതിനേക്കാൾ നല്ലത് നാടു വിടുകയെന്ന തോന്നലാണ് പുതുതലമുറയെ എന്നന്നേക്കുമായി നാട്ടിൽനിന്നു പോകാൻ പ്രേരിപ്പിക്കുന്നത്. ഇതോടൊപ്പം വിദേശത്ത് പഠനവും തൊഴിലും വാഗ്ദാനം ചെയ്തുകൊണ്ടുള്ള കേരളത്തിന്റെ മുക്കിലും മൂലയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏജൻസികളും ബാങ്കുകൾ വായപ സൗകര്യം വർധിപ്പിച്ചതുമെല്ലാം സാമ്പത്തിക ശേഷി കുറഞ്ഞവരെ പോലും വിദേശ പഠനം എന്ന മോഹവലയത്തിൽ വീഴ്ത്താൻ ഇടയാക്കിയിട്ടുണ്ട്.
വിദേശത്ത് പഠിക്കാൻ പോയവരെല്ലാം രക്ഷപ്പെട്ടുവെന്ന പ്രചാരണം ശക്തമാണ്. എന്നാൽ വസ്തുത അതല്ല. ഏജൻസകൾക്കു ഒരു വിദ്യാർഥിയിൽനിന്ന് 10 മുതൽ 20 ശതമാനം വരെ കമ്മീഷൻ ലഭിക്കുന്നുണ്ട്. മൂവായിരത്തോളം ഏജൻസികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കുട്ടികളെ എങ്ങനെയും വലയിലാക്കി കീശ വീർപ്പിക്കുന്ന സമീപനമാണ് അവരിലധികം പേർക്കുമുള്ളത്. അന്വേഷണത്തിന് എത്തുന്ന വേളയിൽ എല്ലാം എളുപ്പം എന്ന രീതിയിലായിരിക്കും ഏജൻസികളുടെ സംസാരം. കാര്യത്തോട് അടുക്കുമ്പോഴാണ് ഓരോന്നിലുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കുന്നത്. കാനഡ പോലുള്ള രാജ്യങ്ങളിലേക്കു പോകുന്ന കുട്ടികൾക്ക് ആദ്യം സർവകലാശാലകളിലോ, കോളേജിലോ ഫീസ് അടച്ച് പ്രവേശനം സമ്പാദിച്ച ശേഷം മാത്രമാണ് വിസ നടപടികൾ ആരംഭിക്കാനാവുക. കുട്ടികളുടെ ആധിക്യം കൊണ്ട് ഇപ്പോൾ പലപ്പോഴും വിസ കിട്ടുക എളുപ്പമല്ല. അതുകൊണ്ടു തന്നെ പലർക്കും നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നുണ്ട്. ഇതിനിടെ മാനസിക സംഘർഷത്തനടിപ്പെട്ട് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. വിസ ലഭിക്കാതിരുന്നതിനെത്തുടർന്ന് പഠനത്തിനായുള്ള പോക്ക് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവർക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചോ, അതിനു വേണ്ടിവരുന്ന സമയത്തെക്കുറിച്ചോ ഒന്നും ഏജൻസികൾ ആദ്യം പറയില്ല. വിസക്ക് അപേക്ഷിക്കുന്നതിനു മുൻപ് കോളേജിലേക്ക് ആവശ്യമായ പൈസ മുഴുവനും ബാങ്ക് ഡെപോസിറ്റും അഡ്വാൻസായി നൽകണം. വിസ കിട്ടാതിരിക്കുകയും തുടർന്ന് യാത്ര വേണ്ടെന്നുവെക്കുകയും ചെയ്താൽ ഈ പൈസ തിരിച്ചു കിട്ടുക ശ്രമകരമായ ജോലിയാണ്. മാത്രമല്ല, നല്ലൊരു സംഖ്യ നഷ്ടപ്പെടുകയും ചെയ്യും.
ഈ കടമ്പകളെല്ലാം കടന്ന് വിദേശത്ത് പഠിക്കാൻ എത്തുന്നവരെല്ലാം സ്വർഗസമാന ജീവിതമാണ് നയിക്കുന്നതെന്ന തോന്നലും വെറുതെയാണ്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി എന്നതാണ് ഏവരെയും ആകർഷിക്കുന്ന ഘടകം. ആദ്യ കാലങ്ങളിൽ ഇതു വളരെ എളുപ്പമായിരുന്നു. പാർട്ട് ടൈമായി സാമാന്യം നല്ല ജോലിയും കിട്ടിയിരുന്നു. അതുകൊണ്ട് പഠനത്തോടൊപ്പം വരുമാനവും ഉണ്ടാക്കാമായിരുന്നു. എന്നാൽ വിദ്യാർഥികളുടെ തള്ളിക്കയറ്റം മൂലം ഇത്തരം ജോലി സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്. ഈ രംഗത്ത് ചൂഷണവും കൂടിയിട്ടുണ്ട്. താമസ, ജീവിത ചെലവ് ഇനത്തിലെ വർധന, പ്രതികൂല കാലാവസ്ഥ ഇതെല്ലാം പ്രതികൂല ഘടകങ്ങളാണ്. പഠനം കഴിഞ്ഞാൽ സ്റ്റേ ബാക് എന്ന രീതിയിൽ അവിടെ തങ്ങാൻ അനുവദിച്ചിരുന്ന കാലപരിധിക്കും കുറവ് വരാൻ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാതെ എത്തിപ്പെട്ട് കുടുങ്ങിപ്പോയവരും നിരവധിയാണ്. എങ്കിലും പുറത്തേക്ക് പഠിക്കാൻ പോകണമെന്ന ആഗ്രഹക്കാരുടെ എണ്ണത്തിൽ വർധനയല്ലാതെ, കുറവില്ല. കാരണം നമ്മുടെ നാട്ടിലെ സ്ഥിതി വിശേഷമാണ്. ഇതിനു മാറ്റം ഉണ്ടാവണമെങ്കിൽ തൊഴിൽ സാധ്യതകൾ വർധിക്കുകയും സുരക്ഷിത, സമാധാന ജീവിതം ഉറപ്പാക്കുകയും വേണം. അതിനായുള്ള പരിശ്രമം ഭരണകർത്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തിടത്തോളം കേരളത്തിലെ ബുദ്ധിയും പണവും പുറത്തേക്കായിരിക്കും ഒഴുകുക.






