Sorry, you need to enable JavaScript to visit this website.

ജി-20 രാജ്യങ്ങളിൽ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ച് സൗദി

റിയാദ് - കഴിഞ്ഞ വർഷം ജി-20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ചത് സൗദി അറേബ്യ. ലോകം അഭിമുഖീകരിക്കുന്ന സങ്കീർണമായ സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കുമിടെ സൗദി അറേബ്യ 8.7 ശതമാനം വളർച്ചയാണ് കഴിഞ്ഞ കൊല്ലം കൈവരിച്ചതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും അടക്കമുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ കൊല്ലം സൗദിയിൽ 8.3 ശതമാനം സാമ്പത്തിക വളർച്ചയാണ് കണക്കാക്കിയത്. ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സൗദി സമ്പദ്‌വ്യവസ്ഥക്ക് സാധിച്ചു. 
എണ്ണ മേഖലയിലെ റെക്കോർഡ് വളർച്ചയാണ് കഴിഞ്ഞ വർഷം ഉയർന്ന സാമ്പത്തിക വളർച്ചക്ക് സഹായിച്ചത്. പെട്രോളിതര മേഖലയും മികച്ച വളർച്ച കാഴ്ചവെച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും വൈവിധ്യവൽക്കരണത്തിന്റെയും ഫലമായി 2013 നു ശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണ് പെട്രോളിതര മേഖലയിൽ രേഖപ്പെടുത്തിയത്. പതിനൊന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് കഴിഞ്ഞ കൊല്ലത്തെത്. ഇതിനു മുമ്പ് 2011 ൽ പത്തു ശതമാനം വളർച്ച കൈവരിച്ചിരുന്നു. 
കഴിഞ്ഞ ഡിസംബറിൽ സൗദി ധനമന്ത്രാലയം 8.5 ശതമാനവും ജനുവരിയിൽ ലോക ബാങ്ക് 8.3 ശതമാനവും ഒക്‌ടോബറിൽ അന്താരാഷ്ട്ര നാണയനിധി 7.6 ശതമാനവും ജനുവരിയിൽ ഐ.എം.എഫ് 8.7 ശതമാനവും സാമ്പത്തിക വളർച്ചയാണ് സൗദി അറേബ്യ 2022 ൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷം എണ്ണ മേഖല 15.4 ശതമാനവും പെട്രോളിതര മേഖല 5.4 ശതമാനവും സർക്കാർ മേഖല 2.6 ശതമാനവും വളർച്ച നേടി. 
കഴിഞ്ഞ വർഷം നാലാം പാദത്തിൽ സാമ്പത്തിക വളർച്ച 5.5 ശതമാനമായിരുന്നു. നാലാം പാദത്തിൽ എണ്ണ മേഖലയിൽ 6.1 ഉം പെട്രോളിതര മേഖലയിൽ 6.2 ഉം സർക്കാർ മേഖലയിൽ 2.9 ഉം ശതമാനം വളർച്ച രേഖപ്പെടുത്തി. ഒന്നാം പാദത്തിൽ 9.9 ശതമാനവും രണ്ടാം പാദത്തിൽ 12.2 ശതമാനവും മൂന്നാം പാദത്തിൽ 8.8 ശതമാനവുമായിരുന്നു വളർച്ച. 
2011 ൽ 10 ഉം 2012 ൽ 5.4 ഉം 2013 ൽ 2.7 ഉം 2014 ൽ 3.7 ഉം 2015 ൽ 4.1 ഉം 2016 ൽ 1.7 ഉം 2018 ൽ 2.5 ഉം 2019 ൽ 0.3 ഉം 2021 ൽ 3.2 ഉം 2022 ൽ 8.7 ഉം ശതമാനമായിരുന്നു സാമ്പത്തിക വളർച്ച. 2017 ൽ 0.7 ശതമാനവും 2020 ൽ 4.1 ശതമാനവും തോതിൽ സാമ്പത്തിക ശോഷണം നേരിട്ടു. ലോകം നിശ്ചലമാക്കിയ കൊറോണ മഹാമാരി വ്യാപനമാണ് 2020 ൽ വലിയ തോതിലുള്ള സാമ്പത്തിക ശോഷണത്തിന് ഇടയാക്കിയത്.
 

Latest News