കൊച്ചി - നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. എയർ ഇന്ത്യ ജീവനക്കാരനായ വയനാട് സ്വദേശി ഷാഫിയാണ് പിടിയിലായത്. വിമാനത്താവളത്തിൽ വച്ച് 1,487 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടികൂടിയത്.
പ്രതി കൈകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബഹ്‌റൈൻ-കോഴിക്കോട്-കൊച്ചി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കൈകളിൽ പതിപ്പിച്ച് ഷർട്ട് കൊണ്ട് മൂടിയ നിലയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്.