Sorry, you need to enable JavaScript to visit this website.

നിയമപ്രകാരമല്ലാതെ യു. കെയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ബഹിഷ്‌ക്കരിക്കുമെന്ന് ഋഷി സുനക്

ലണ്ടന്‍- നിയമപ്രകാരമല്ലാതെ യു. കെയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അഭയം നല്‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് പാര്‍ലമെന്റ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവെര്‍മാന്‍ അവതരിപ്പിച്ച അനധികൃത കുടിയേറ്റ ബില്ലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് യു. കെയില്‍ തുടരാന്‍ ശ്രമിക്കുന്നവരെ ബഹിഷ്‌ക്കരിക്കുമെന്നും ആധുനിക അടിമത്ത സംരക്ഷണ നയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പിടിക്കപ്പെടുന്നവരെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കുകയോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.  

എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റക്കാര്‍ക്കെതിരായ പദ്ധതിയില്‍ യു. എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്സ് ആശങ്ക അറിയിച്ചു. നിയമം പാസായാല്‍ യു. കെയില്‍ അഭയാര്‍ഥികള്‍ക്ക് സംരക്ഷണം തേടാനുള്ള അവകാശം ഇല്ലാതാകുമെന്നും അത് ഭീതിജനകമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പലരും സ്വന്തം രാജ്യത്ത് തുടരാനാവാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് മറ്റൊരു രാജ്യത്തേക്ക് അഭയം തേടിയെത്താന്‍ ശ്രമിക്കുന്നതെന്നും അവരുടെ കൈവശം പലപ്പോഴും പാസ്‌പോര്‍ട്ടോ രേഖകളോ ഉണ്ടാകില്ലെന്നും യു. എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ്് ചൂണ്ടിക്കാട്ടി. 

ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ മാത്രം 45000 പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് യു. കെയില്‍ എത്തിയത്. ഇതില്‍ ഭൂരിപക്ഷവും രാജ്യത്ത് താമസിക്കാനുള്ള രേഖകള്‍ നേടുകയും ചെയ്തു. 2023ല്‍ അനധികൃതമായി 80000 പേരെങ്കിലും കുടിയേറുമെന്നാണ് ഭരണാധികാരികള്‍ പ്രതീക്ഷിക്കുന്നത്.

Latest News