യു.എന്നില്‍ കശ്മീര്‍ പരാമര്‍ശിച്ചു, പാക്കിസ്ഥാന് ഇന്ത്യയുടെ രൂക്ഷ വിമര്‍ശം

യുനൈറ്റഡ് നേഷന്‍സ്- സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള യു.എന്‍ രക്ഷാസമിതി ചര്‍ച്ചയില്‍ ജമ്മുകശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഉന്നയിച്ചതിന് ഇന്ത്യയുടെ രൂക്ഷവിമര്‍ശം. ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പ്രസ്താവനയോട് പ്രതികരിച്ച യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് അദ്ദേഹത്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന്  വിശേഷിപ്പിച്ചു.
ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രതിനിധി നടത്തിയ നിസ്സാരവും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമര്‍ശങ്ങള്‍ തള്ളിക്കളയുകയാണെന്ന് അവര്‍ പറഞ്ഞു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ 'സ്ത്രീകള്‍, സമാധാനം, സുരക്ഷ' എന്ന വിഷയത്തില്‍ തുറന്ന സംവാദത്തില്‍ സംസാരിക്കവേ ഇത്തരം ദുരുദ്ദേശ്യപരവും തെറ്റായതുമായ പ്രചാരണങ്ങള്‍ പ്രതികരണത്തിന് പോലും അര്‍ഹമല്ലെന്ന് കാംബോജ് പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തലേന്ന് നടന്ന കൗണ്‍സില്‍ ചര്‍ച്ചയില്‍ പാക് വിദേശകാര്യ മന്ത്രി സര്‍ദാരി ജമ്മു കശ്മീരിനെ പരാമര്‍ശിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യ പലതവണ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. പാക്കിസ്ഥാനുമായി സാധാരണ അയല്‍പക്ക ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാല്‍ ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത ഇസ്‌ലാമാബാദിനാണെന്നും ഇന്ത്യ വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News