പെരിയ കൊലക്കേസ് പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റുന്നു

കാസര്‍കോട്- പെരിയ ഇരട്ടക്കൊലക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുള്ള ആദ്യ 11 പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിട്ടു. എറണാകുളം സി.ബി.ഐ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഡി.ജി.പിയുടെ ഉത്തരവ്. ആകാശ് തില്ലങ്കേരിയടക്കമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയതോടെയാണ് സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പെരിയ കേസില്‍ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതി നടപടികളില്‍ ഹാജരാക്കുന്നത്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികള്‍ക്ക് സുഖചികിത്സയും സുഖവാസവും ലഭിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സി.ബി.ഐ കോടതിയുടെ നിര്‍ദേശപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഒന്നാം പ്രതി പീതാംബരനടക്കമുള്ള പ്രതികള്‍ നാല് വര്‍ഷത്തിലേറെയായി ജയിലിലാണ്.
ഒന്നാം പ്രതിക്ക് സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ഒരു മാസത്തോളം  സുഖചികിത്സ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ആകാശ് തില്ലങ്കേരിയടക്കമുള്ള സി.പി.എം പ്രവര്‍ത്തകര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതോടെ പ്രതികളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുളവായതിനെ തുടര്‍ന്നാണ് 11 പ്രതികളേയും നാല് വീതം സി.സി.സി.ടി.വി ക്യാമറകളുള്ള അതീവ സുരക്ഷാ മുറിയിലേക്ക് മാറ്റിയത്.

 

Latest News