Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീ മുന്നേറ്റത്തിൽ മാറ്റത്തിന്റെ കാറ്റ്

ഇന്ന് വനിത ദിനം


ഇന്നത്തെ വനിതക്ക് സ്വയം ശക്തിയാർജിക്കുന്നതിനൊപ്പം സമൂഹത്തെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി സ്വന്തം ആശയങ്ങളും കാഴ്ചപ്പാടുകളും വിലയിരുത്തലുകളും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സമൂഹ മാധ്യമങ്ങളും അതുപയോഗിക്കേണ്ട രീതികളും വശത്താക്കേണ്ടതുണ്ട്. അതിനായി ചുറ്റുപാടുകളിലേക്കു തന്റെ കണ്ണുകളെ തുറന്നു പിടിക്കുകയും കാര്യഗ്രഹണ ശേഷി വർധിപ്പിക്കുകയും ചെയ്യണം.

 

മാർച്ച് 8, ഒരു വനിതാ ദിനം കൂടി.  ഓരോ വർഷവും ഉള്ള പോലെ ഈ വർഷത്തെ വിഷയം ''ഡിജിറ്റ് ഓൾ: ലിംഗസമത്വത്തിനായുള്ള സാങ്കേതിക വിദ്യയും നവീകരണവും' എന്നാണ്. ലിംഗസമത്വത്തിലേക്കുള്ള ഒരു നാഴികക്കല്ല് എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ. സ്ത്രീ, വനിത, നാരി ഈ നാമധേയങ്ങൾക്കപ്പുറം, മനുഷ്യ ജീവി എന്ന സമത്വ ഭാവനയിലേക്കു എത്തിപ്പെടാനുള്ള വനിതകളുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്  ഈ വർഷത്തെ വനിത ദിനം.
വനിത സഹിക്കേണ്ടവൾ, കായികക്ഷമത കുറഞ്ഞവൾ, ബുദ്ധിപരമായി   പിന്നോക്കം നിൽക്കുന്നവൾ എന്ന കാഴ്ചപ്പാട് മാറി നാരി എന്നും പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവൾ എന്ന വീക്ഷണത്തിലേക്കു കാലം എത്തിനിൽക്കുന്നു.
മനുഷ്യ കുലം ഉണ്ടായ നാൾ മുതൽ സ്ത്രീകളെ പുരുഷന്റെ പിറകിൽ നിർത്തുന്ന ഒരു അവസ്ഥയാണ് നിലനിന്നിരുന്നത്. ഇതിനു കാരണം കായിക ക്ഷമത കുറവോ, സഹന ശക്തിയോ, മമതയോ, സ്‌നേഹമോ ഒക്കെ ആവാം. കുട്ടികളെ പ്രസവിച്ചു കുടുംബം നോക്കി സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒക്കെ മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന സഹജീവി.
കാലം മാറുന്നതിനനുസരിച്ചു മനുഷ്യന് ബുദ്ധിവികാസവും ചിന്താവ്യതിയാനങ്ങളും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.  ബൗദ്ധികവും വൈകാരികവുമായ വികാസം സ്ത്രീക്കും പുരുഷനും തങ്ങളുടെ കൂടെ ജീവിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന സഹജീവിയോടുള്ള സമീപനത്തിന്റെ മാറ്റത്തിന് വഴി തെളിച്ചു. അന്ന് മുതൽ സ്ത്രീ ചിന്തിക്കാൻ തുടങ്ങി, എന്തുകൊണ്ട് എനിക്കായിക്കൂടാ? എന്തുകൊണ്ട് ഞാൻ പുരുഷനൊപ്പം  നിന്നുകൂടാ?
ഈ ചിന്തകൾ തന്നെയാണ് അവളുടെ വിജയത്തിലേക്ക് വഴിതെളിച്ചതും.
എങ്കിലും ഇന്നും ലോകത്തിന്റെ പല ഭാഗത്തും പലതരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങി നിശ്ശബ്ദം കരയുന്ന സ്ത്രീജന്മങ്ങൾ ധാരാളം ഉണ്ട്. അങ്ങനെയുള്ളവരെ നാം ഉദ്ധരിക്കേണ്ടതുണ്ട്, അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി ഓരോ വനിതയും മുന്നോട്ടു വരേണ്ടതുണ്ട്. ലിംഗസമത്വത്തിന്റെ സമുന്നത ശ്രേണിയിൽ  എത്തിച്ചേരുവാൻ വനിതകളെ വനിതകൾ സഹായിക്കുന്നതിനൊപ്പം സ്വയം ചിന്തിക്കേണ്ടതുണ്ട്. താൻ  എന്താണ്? തനിക്കു പറ്റാത്തതായി ഒന്നുമില്ല എന്ന് കൂടി. ഇതിലേക്കുള്ള ചവിട്ടു പടിയാണ് വിദ്യാഭ്യാസം. ഇന്നത്തെ സ്ത്രീക്കു പ്രാഥമിക വിദ്യാഭ്യാസം മാത്രം പോരാ, അതിലുപരി ഗണിതം, ശാസ്ത്രം, സാങ്കേതിക വിദ്യ , സാമൂഹികം, കല എന്നു വേണ്ട പ്രകൃതിയിലുള്ള സകല ചരാചരങ്ങളെക്കുറിച്ചും അറിവും പ്രാവീണ്യവും നേടേണ്ടതുണ്ട്, അറിവ് ഉണ്ടെങ്കിൽ മാത്രമേ ആധികാരികത ഉണ്ടാവൂ. ആധികാരികതയിൽ നിന്ന് സമത്വവും ഉണ്ടാകുന്നു.
സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ്  സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിതത്തെ കൊണ്ടുപോകണമെങ്കിൽ ഭാഷ പ്രാവീണ്യവും നയചാരുതിയും ബുദ്ധികൂർമതയും കൈക്കലാക്കേണ്ടതുണ്ട്. സഹിഷ്ണുതയും സാഹചര്യങ്ങൾക്കനുസരിച്ചു  പെരുമാറാനുള്ള കഴിവും ക്രിട്ടിക്കൽ, ലോജിക്കൽ ചിന്തകളും വികസിപ്പിച്ചെടുക്കണമെങ്കിൽ വിദ്യ കൊണ്ട് മാത്രമേ സാധിക്കൂ. നമ്മുടെ വരുംതലമുറയിലെ നാരികൾക്കു നമ്മൾ ഇന്ന് വഴികാട്ടിയാകണം. നമ്മൾ അവർക്കൊരു പാഠശാല ആകണം. നമ്മുടെ ചിന്തകളും വീക്ഷണങ്ങളും അവർക്കു പകർന്നു കൊടുക്കണം. ഇവിടെ മാതാവിന്റെ   സ്വാധീനം ആണ് ഏറ്റവും  മുന്നിട്ടു നിൽക്കുന്നത്. അമ്മയിൽ നിന്ന് തുടങ്ങി, സഹോദരിയിൽ, കൂട്ടുകാരിയിൽ, അധ്യാപികയിൽ കൂടി സഞ്ചരിച്ച് ഒരു മൺതരി എങ്ങനെയാണോ  തിളക്കമാർന്നതാകുന്നത്, അതുപോലെ ഓരോ  സ്ത്രീയും മോൾഡ് ചെയ്‌തെടുക്കപ്പെടുന്നു.  
അങ്ങനെ രൂപാന്തരം സംഭവിച്ചു വരുന്ന സ്ത്രീ ശക്തയായിരിക്കും, മാനസികമായും ശാരീരികമായും. മനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും പ്രാധാന്യം നൽകുമ്പോൾ പുത്തൻ തലമുറയും അതുപോലെ ആരോഗ്യമുള്ളവർ ആകും. അതെ! സ്ത്രീക്കു സമൂഹത്തോടുള്ള കടപ്പാടും അത് തന്നെയാണ്. സ്വന്തം ആഗ്രഹങ്ങൾക്കോ ചിന്തകൾക്കോ ലംഘനം സംഭവിക്കാതെ ഒരു പുതു തലമുറയെ സുരക്ഷിതമായി വാർത്തെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് മാത്രം ആണ്. അവിടെയാണ് സ്ത്രീയുടെ വിജയം. അത് സാധ്യമാകുന്നത് ലിംഗസമത്വത്തിലൂടെയും നൂതന സാങ്കേതിക വിദ്യ പരിജ്ഞാനത്തിലൂടെയും  ജീവിതത്തെ മനോഹരമാക്കാനുള്ള മാജിക് കൈവശമാക്കുമ്പോഴാണ്. വൈകാരികതക്ക് മേൽ വിവേകത്തിനും യുക്തിക്കും സ്ഥാനം ലഭിക്കുമ്പോഴാണ്. അങ്ങനെയുള്ള വനിതകൾക്ക് മാത്രമാണ് വിജയ പീഠത്തിൽ എത്തിച്ചേരാനാവുക. ഇതിലേക്ക് വഴിതെളിക്കേണ്ടത് തീർച്ചയായും ഇന്ന് നാൽപതുകൾക്കു മേൽ പ്രായമുള്ള മഹിളാരത്‌നങ്ങൾ തന്നെയാണ്. അവരിൽ നിന്നുമാണ് നാളത്തെ വിശ്വപൗര രൂപപ്പെട്ടു വരുന്നത്. കണ്ണുനീർ തുള്ളികളെ വിഷാദത്തിന്റെ കൈപ്പുരസത്തിൽ അല്ല കുതിർക്കേണ്ടത.് മറിച്ച് സന്തോഷത്തിന്റെ ബാഷ്പധാരയിലേക്കു ആണ് കണ്ണുകളെ തുറന്നു പിടിക്കേണ്ടത്.
ഇന്നത്തെ വനിതക്ക് സ്വയം ശക്തിയാർജിക്കുന്നതിനൊപ്പം സമൂഹത്തെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി സ്വന്തം ആശയങ്ങളും കാഴ്ചപ്പാടുകളും വിലയിരുത്തലുകളും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സമൂഹ മാധ്യമങ്ങളും അതുപയോഗിക്കേണ്ട രീതികളും വശത്താക്കേണ്ടതുണ്ട്. അതിനായി ചുറ്റുപാടുകളിലേക്കു തന്റെ കണ്ണുകളെ തുറന്നു പിടിക്കുകയും കാര്യഗ്രഹണ ശേഷി വർധിപ്പിക്കുകയും ചെയ്യണം.
ഇതിലേക്കുള്ള വഴി തെളിയണമെങ്കിൽ നൂതന സാങ്കേതിക വിദ്യ പരിജ്ഞാനം സ്വായത്തമാക്കിയേ പറ്റൂ. അതിനുള്ള മനസ്സും ഇഛാശക്തിയും വനിതകൾക്കുണ്ടാകട്ടെ.

Latest News