Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാഞ്ചൻ ജംഗയുടെ സൗന്ദര്യം

കാഞ്ചൻ ജംഗ 
ലാച്ചുങ്ങ് യുംതാങ്ങ്

കാലിക്കറ്റ് ടു ഗാങ്‌ടോക് -3 

ട്രാവലോഗിൽ കണ്ട ഹോട്ടൽ പൈൻ റിഡ്ജ് ലക്ഷ്യമാക്കി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള പട്ടണം. ഇന്ത്യയിലെ മറ്റു പട്ടണങ്ങളെ പോലെ ശബ്ദ കോലാഹലങ്ങളില്ല. ശാന്തവും സുന്ദരവുമായ പരിസരവും അന്തരീക്ഷവും. മഹാത്മാഗാന്ധി മാർഗിലെ ഒരറ്റത്താണ് ഹോട്ടൽ. എംജി മാർഗിലൂടെ നടത്തം തുടർന്നു. ഇത് വാക്കിംഗ് സ്ട്രീറ്റ് ആണ്. യൂറോപ്പിലെ ഏതോ ഉൾനാടൻ പട്ടണത്തിന്റെ ലുക്ക്. ആളുകളുടെ വേഷ വിതാനത്തിലും അടക്കം നമ്മൾ ഇന്ത്യയിലാണോ എന്ന് സംശയിച്ചു പോകും. ഹോട്ടൽ കണ്ടുപിടിച്ചു. റൂം വാടക 700 ഉറുപ്യ. അവിടെ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനമില്ല. ഞങ്ങളുടെ കയ്യിലുള്ള പണം ഏകദേശം കാലിയായിരിക്കുന്നു. അത്യാവശ്യത്തിനുള്ളത് കയ്യിലുണ്ട്. പരമാവധി കാർഡ് ഉപയോഗിക്കണം. പക്ഷേ ഞങ്ങൾ കയറുന്ന സ്ഥലങ്ങളിലൊന്നും കാർഡ് നോട്ട് എക്‌സപ്റ്റബിൾ. നോട്ടു നിരോധിച്ചവനെ പ്രാകിക്കൊണ്ട് 700 രൂപ കൊടുത്തു . ഇനി രണ്ടു ദിവസം സിക്കിമിൽ ഉണ്ടാകും. പല സ്ഥലങ്ങളിലും പോകണം. പോകാനുള്ള വഴിയും കാര്യങ്ങളുമെല്ലാം റിസപ്ഷനിൽ ഉള്ളയാളോട് ചോദിച്ചു. ഒരു ടൂർ ഓപറേറ്ററെ റൂമിലേക്കയക്കാം എന്ന് അയാൾ പറഞ്ഞതനുസരിച്ച് ഞങ്ങൾ റൂമിലെത്തി അൽപം വിശ്രമിച്ചു. ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്നു. തുറന്നു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. പേര് രാഹുൽ ശർമ്മ. ഫ്രീ ലാൻസറായി ടൂർ ഓപറേറ്റ് സംഘടിപ്പിച്ചു കൊടുക്കുന്നതാണ് ജോലി. ഞങ്ങളുടെ ഉദ്ദേശ്യം പറഞ്ഞപ്പോൾ ഇവടെ നിന്നും മഹീന്ദ്രയുടെ ബോലേറോ ജീപ്പിൽ രാവിലെ 7 മണിക്ക് ലാചൂങ്ങ്‌യും താങ്ങ് വാലി ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞു.

രാവിലെ 7 മണിക്ക് പുറപ്പെട്ടു പിറ്റേന്ന് രാത്രി 7 മണിക്ക് തിരിച്ചെത്തും. ഓകെ.. എത്രയാകും ചാർജ്? ഒരാൾക്ക് 1500 രൂപ മറുപടി കിട്ടി. ഉച്ചഭക്ഷണം, രാത്രിഭക്ഷണം, ഹോട്ടൽ താമസം, പിറ്റേന്നുള്ള പ്രഭാത ഭക്ഷണം ലഞ്ച് എല്ലാം അടക്കം വെറും 1500 രൂപ. അവിടെ നിന്ന് യുംതാങ്ങ് വാലിയിലേക്ക് 130 കിലോമീറ്റർ ഉണ്ട്. ഏറെയും ചെങ്കുത്തായ ഹിമാലയൻ ഓഫ് റോഡാണ്. ഞങ്ങൾ സമ്മതം മൂളി. അങ്ങനെയെങ്കിൽ ഐഡി കോപ്പിയും രണ്ടു ഫോട്ടോയും ഇപ്പോൾ തന്നെ കൊടുക്കണം. ആർമി ചെക്ക് പോസ്റ്റിൽ നിന്നും അനുമതി പത്രം ലഭിക്കാൻ വേണ്ടിയുള്ളതാണ്. അത് കൊടുത്തു. ഞാൻ പറഞ്ഞു- കാര്യം ഒക്കെ ശരി തന്നെ. പെയ്‌മെന്റ് കാർഡ് മുഖാന്തരം മാതമേ തരാൻ കഴിയുള്ളൂ.  നോട്ട് ഇല്ല. അത് കേട്ടപ്പോൾ തന്നെ അയാൾ ഹിന്ദിയിൽ പിറുപിറുത്തു സാക്ഷാൽ നരേന്ദ്ര മോഡിജിയെ തെറി പറയാൻ തുടങ്ങി. ബായ് സാബ് നോട്ടു നിരോധനം വന്നിട്ട് ഒരു മാസമായി. അതിനു ശേഷം ഇവിടെ ഒരു ബിസിനസും ഏർപ്പാടും നടക്കുന്നില്ല. ടൂറിസ്റ്റുകളുടെ വരവും നിലച്ചു. എനിക്കാണെങ്കിൽ ഓഫീസോ കാര്യങ്ങളോ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ കാർഡ് സ്വീകരിക്കാൻ ഒരു വഴിയും ഇല്ല. ക്യാ കരേഗ? എന്നാൽ പിന്നെ വേറെയാരെയെങ്കിലും നോക്കാമെന്ന് ഞാനും പറഞ്ഞു. രാഹുലിന്റെ മുഖം വാടാൻ തുടങ്ങി. ശരി, നിങ്ങൾ രാവിലെ റെഡിയാവൂ.. 7 മണിക്ക് ഞാൻ പെർമിറ്റുമായി വരാം. നിങ്ങൾ പോയി സ്ഥലങ്ങളൊക്കെ കണ്ടു തിരിച്ചു വാ.. പണത്തിന്റെ കാര്യം അപ്പോൾ നോക്കാം.. രാഹുൽ പറഞ്ഞു. ഐഡി കോപ്പിയും ഫോട്ടോയും വാങ്ങി അയാൾ യാത്ര പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി പട്ടണത്തിന്റെ സൗന്ദര്യങ്ങളൊക്കെ ആസ്വദിച്ച് രാത്രി എട്ടു മണിയോട് കൂടി റൂമിൽ തിരിച്ചെത്തി. അപ്പോഴേക്കും റോഡ് മുഴുവനും പട്ടാളക്കാർ ഇറങ്ങി പതിവ് ചെക്കിംഗ് തുടങ്ങിയിരുന്നു. എട്ടു മണിയോട് കൂടി പട്ടണം ഉറങ്ങി.. കൂടെ ഞങ്ങളും.


കാലത്ത് ഏഴു മണിക്ക് തന്നെ റെഡിയായി ബാഗും ക്യാമറയും ഒക്കെയെടുത്ത് റൂം വെക്കേറ്റ് ചെയ്തു പുറത്തിറങ്ങി. രാഹുൽ ശർമയെത്തി. പോകേണ്ട ബോലെറോയിൽ കൂടെ മറ്റ് എട്ടു സഞ്ചാരികളെയും കയറ്റി. രാഹുൽ ഞങ്ങളോടൊപ്പം വരുന്നില്ല. അയാൾക്ക് ഇതിൽ നിന്നും കമ്മീഷൻ മാത്രമേ കിട്ടുകയുള്ളൂ. ഞങ്ങൾ രണ്ടു പേരുടെയും മുവ്വായിരം രൂപ നാളെ തിരിച്ചു വന്ന് എന്റെ  മൊബൈലിൽ വിളിച്ചാൽ മതി, ഞാൻ വന്നു വാങ്ങിക്കോളാം എന്നാണ് രാഹുൽ പറയുന്നത്. ഞങ്ങൾ റൂം വെക്കേറ്റ് ചെയ്‌തെന്നും തിരിച്ചു വന്നാൽ കാശായിട്ട് തരാൻ കഴിയില്ലെന്നും ഒരിക്കൽ കൂടി പറഞ്ഞപ്പോൾ  കോയി  ബാത് നഹീ ബായ് സാബ്... പോയി തിരിച്ചു വരൂ എന്ന് പറഞ്ഞു കൈ വീശി അയാൾ ഞങ്ങളെ യാത്രയാക്കി .
ഹിമാലയത്തിന്റെ മുകൾ തട്ടിലുള്ള ലാച്ചുങ്ങ് യുംതാങ്ങ് വാലിയിലേക്ക് ഞങ്ങളുടെ യാത്രയാരംഭിച്ചു. കൂടെയുള്ള യാത്രക്കാരിൽ എട്ടു പേരും കൊൽക്കത്തയിൽ നിന്നുള്ള ബംഗാളികളാണ്. ജീപ്പ് െ്രെഡവർ ഒരു ബൈചൂങ്ങ് ബൂട്ടിയ കട്ടുള്ള സോനം ബൂട്ടിയ. കളി തമാശകൾ പറഞ്ഞു യാത്ര തുടരവേ അങ്ങ് ദൂരെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ ജംഗ കാണാം. നേപ്പാളിലും സിക്കിമിലുമായി വ്യാപിച്ചു കിടക്കുന്ന മഞ്ഞു പുതച്ച കാഞ്ചൻ ജംഗയുടെ സൗന്ദര്യം മനസ്സ് കുളിർപ്പിച്ചു. വഴിയിൽ അമിതാബ് ബച്ചൻ വാട്ടർ ഫാളിന്റെ അടുത്ത് വാഹനം നിർത്തി എല്ലാവരും ഫോട്ടോയെടുത്തു.

ഞങ്ങൾ മലയാളികളാണെന്നറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ബംഗാളികൾ ഓരോ വിശേഷങ്ങൾ പങ്കു വെക്കാൻ തുടങ്ങി. നോട്ട് നിരോധനം മൂലം കേരളത്തിൽ ജോലിയുള്ള ബംഗാളികളൊക്കെ തിരിച്ചു പോരുകയാണല്ലോ? കൺസ്ട്രക്ഷൻ വർക്കൊന്നും നടക്കുന്നില്ലേ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. കുണ്ടും കുഴികളുമുള്ള റോഡിലൂടെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്രക്കൊടുവിൽ രാത്രിയോടെ ലാച്ചൂങ്ങിൽ എത്തി. രണ്ടു പേർക്ക് കഷ്ടിച്ചുറങ്ങാവുന്ന റൂം. രാത്രി ഭക്ഷണം കുഴപ്പമില്ല. 
ചിക്കൻ കറിയും ദാലും പച്ചക്കറിയും കൂടെ ചോറും റൊട്ടിയും. മൈനസ് രണ്ടു ഡിഗ്രിയുടെ ആവി പറക്കുന്ന ഭക്ഷണവും കഴിച്ചു. കാലത്ത് ആറു മണിക്ക് യുംതാങ്ങ് വാലിയിലേക്ക് പോകണം. വേഗം കിടന്നുറങ്ങി. (തുടരും)

 

Latest News