Sorry, you need to enable JavaScript to visit this website.

ഇറാനിലെ ദുരൂഹമായ വിഷപ്പുക; ഏതാനും പേര്‍ അറസ്റ്റിലെന്ന് സര്‍ക്കാര്‍

ടെഹ്‌റാന്‍- ഇറാനില്‍ ഗേള്‍സ് സ്‌കൂളുകള്‍ ലക്ഷ്യമിട്ട് നടത്തിയ ദുരൂഹമായ വിഷപ്പുകയുടെ  പശ്ചാത്തലത്തില്‍ അറസ്റ്റ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി കുറച്ചാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉപ ആഭ്യന്തര വകുപ്പുമന്ത്രി മജീദ് മിറാഹ്മദി പറഞ്ഞു. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ നവംബര്‍ മുതല്‍ അയ്യായിരത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഇറാനിയന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹസ്സന്‍ അന്‍സാരി പ്രതികരിച്ചു. ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ചത് പെണ്‍കുട്ടികളെ ആയിരുന്നു. 25 പ്രവിശ്യകളിലെ 230 സ്‌കൂളുകളില്‍ ആക്രമണം നടന്നു. അയ്യായിരത്തില്‍ അധികം വിദ്യാര്‍ഥിനികള്‍ക്കു വിഷബാധയേറ്റു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷവാതക പ്രയോഗം എന്നാണ് സൂചന. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല. എന്നാല്‍ പലര്‍ക്കും ശ്വാസസംബന്ധിയായ പ്രശ്‌നങ്ങള്‍, ഛര്‍ദി, തലകറക്കം, തളര്‍ച്ച തുടങ്ങിയ അനുഭവപ്പെട്ടിരുന്നു.

 

Latest News