Sorry, you need to enable JavaScript to visit this website.

കൂട്ടുകാരിക്കൊപ്പം മദ്യപിക്കവേ രണ്ട് വയാഗ്ര  ഗുളികകള്‍ കഴിച്ച യുവാവിന് ദാരുണാന്ത്യം 

മുംബൈ- ഉദ്ധാരണ പ്രശ്‌നമുള്ളവര്‍ അതിനുള്ള മരുന്ന് കഴിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടണമെന്ന് പറഞ്ഞാല്‍ ആരും കാര്യമാക്കാറില്ല. മദ്യപാനത്തിനിടയില്‍ ലൈംഗിക ഉത്തേജന ഗുളിക കഴിച്ച യുവാവ് അതി ദാരുണമായി മരണപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ യുവാവിനാണ് ദുര്‍ഗതിയുണ്ടായത്. ഫോറന്‍സിക് ആന്റ് ലീഗല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് റിപ്പോര്‍ട്ട്. വനിതാ സുഹൃത്തിനോടൊപ്പം ഹോട്ടല്‍ മുറിയിലിരുന്നു മദ്യപിക്കുമ്പോഴാണ് 41-കാരനായ യുവാവ് വയാഗ്ര എന്ന പേരില്‍ വില്‍ക്കപ്പെടുന്ന സില്‍ഡെനാഫിലിന്റെ ഗുളികകള്‍ കഴിച്ചത്. 50 മി.ഗ്രാം വരുന്ന രണ്ട് ലൈംഗിക ഉത്തേജന ഗുളികകളായിരുന്നു കഴിച്ചത്. പിറ്റേദിവസം തന്നെ യുവാവ് ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. പിന്നീട് ഇയാള്‍ നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ വനിതാ സുഹൃത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തെ സാരമായി ബാധിക്കുന്ന സെറിബ്രോവാസ്‌കുലാര്‍ രക്തസ്രാവം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്ന യുവാവ് മദ്യത്തോടൊപ്പം ലൈംഗിക ഉത്തേജന ഗുളിക കഴിച്ചതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമാര്‍ട്ടത്തിനിടയില്‍ യുവാവിന്റെ മൃതദേഹത്തില്‍ നിന്നും 300 ഗ്രാം കട്ടപിടിച്ച രക്തം ഡോക്ടര്‍മാര്‍ കണ്ടെത്തിയതായാണ് കേസ് സ്റ്റഡി പ്രതിപാദിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഉദ്ധാരണക്കുറവിനായുള്ള മരുന്ന് കഴിക്കുന്നതിന്റെ അപകട സാദ്ധ്യതകള്‍ ഈ സംഭവത്തില്‍ വ്യക്തമാണ്. 
 

Latest News