Sorry, you need to enable JavaScript to visit this website.

ഫ്‌ളൈ നാസ് പത്തു നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു

റിയാദ് - സൗദി വിമാന കമ്പനിയും മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയുമായ ഫ്‌ളൈ നാസ് അടുത്ത വേനൽക്കാലത്ത് പത്തു വിദേശ നഗരങ്ങളിലേക്കു കൂടി സർവീസ് വ്യാപിപ്പിക്കും. അന്താരാഷ്ട്ര സർവീസ് ശൃംഖല ശക്തമാക്കാൻ ലക്ഷ്യമിട്ട് അടുത്ത ജൂൺ മുതലാണ് ഫ്‌ളൈ നാസ് യൂറോപ്പിലെയും ഏഷ്യയിലെയും പത്തു നഗരങ്ങളിലേക്കു കൂടി പുതുതായി സർവീസുകൾ ആരംഭിക്കുക. മാൽഡിവ്‌സ്, അർമേനിയയിലെ യെരിവാൻ, തുർക്കിയിലെ അന്റാക്യ, മോണ്ടിനെഗ്രോയിലെ ടിവാറ്റ് എന്നിവിടങ്ങളിലേക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്‌ളൈ നാസ് നേരിട്ട് സർവീസുകൾ നടത്തുക. ഒമാനിലെ സലാല, തുർക്കിയിലെ ഇസ്താംബൂൾ, ട്രാബ്‌സോൺ, അൽബേനിയയുടെ തലസ്ഥാനമായ ടിരാന എന്നിവിടങ്ങളിലേക്ക് ദമാമിൽ നിന്നും സലാലയിലേക്കും തുർക്കിയിലെ ബോഡ്രമിലേക്കും ജിദ്ദയിൽ നിന്നും ജൂൺ മുതൽ ഫ്‌ളൈ നാസ് ഡയറക്ട് സർവീസുകൾ ആരംഭിക്കും. 


കഴിഞ്ഞ വേനൽക്കാലത്ത് നടത്തിയിരുന്ന ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ഓസ്ട്രിയയിലെ വിയന്ന, സാൽസ്ബർഗ്, അസർബൈജാനിലെ ബാകു, ജോർജിയയിലെ തിബ്‌ലിസി, ബാറ്റുമി, ബോസ്‌നിയയിലെ സെരായിവോ, ഈജിപ്തിലെ ശറമുശ്ശൈഖ്, ഹുർഗദ, ഫ്രാൻസിലെ മാഴ്‌സിലി, ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റ് എന്നീ സർവീസുകൾ അടുത്ത വേനലിൽ പുനരാരംഭിക്കുമെന്നും ഫ്‌ളൈ നാസ് അറിയിച്ചിട്ടുണ്ട്. 

 

 

Latest News