Sorry, you need to enable JavaScript to visit this website.

സമസ്ത-ഹക്കീം ഫൈസി പ്രശ്‌നങ്ങൾ രമ്യതയിലേക്ക്; രാജിവെച്ചവരോട് തിരിച്ചെത്താൻ സാദിഖലി തങ്ങളുടെ നിർദ്ദേശം

കോഴിക്കോട്-സമസ്തയിലെ ഒരു വിഭാഗം നേതാക്കളും ഹക്കീം ഫൈസിയുടെ നേതൃത്വത്തിലുള്ള സി.ഐ.സിയും തമ്മിലുള്ള പ്രശ്‌നങ്ങൾ രമ്യതയിലേക്ക്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുന്നു. സി.ഐ.സിയിൽനിന്ന് രാജിവെച്ചവർ നേരത്തെയുണ്ടായിരുന്ന പതിവു ചുമതലകൾ നിർവഹിക്കണമെന്ന് ആവശ്യപ്പെട്ട് സാദിഖലി തങ്ങൾ കത്തയച്ചു. രാജി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യഥാസമയം തീരുമാനം എടുക്കുമെന്നും സി.ഐ.സി സംവിധാനം നല്ല രീതിയിൽ മുന്നോട്ടുപോകാൻ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും വേണ്ടത് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 
സാദിഖലി തങ്ങളുടെ കത്തിന്റെ പൂർണരൂപം:
മാതൃകാ സമന്വയ വിദ്യാഭ്യാസ സംവിധാനമായ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ഒരു വിദ്യാഭ്യാസ വർഷത്തിന്റെ അന്ത്യത്തിലും പുതിയ വർഷത്തിന്റെ തുടക്കത്തിലുമാണ്. പരീക്ഷകളും അഡ്മിഷനും മറ്റും പതിവുപോലെ നടക്കേണ്ടതുണ്ട്. സി.ഐ.സിയുടെ നിർവാഹകരുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ യഥോചിതം  പരിഹരിക്കപ്പെടുന്നതാണ്. ആയതിനാൽ സംവിധാനം മുന്നോട്ടുപോകാൻ സ്ഥാപനങ്ങളും അധ്യാപികാധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും വേണ്ടത് ചെയ്യണമെന്ന് അറിയിക്കുന്നു.
രാജി സമർപ്പിച്ച സി.ഐ.സിയുടെ നിർവഹാകർ പതിവുപോലെ ചുമതലകൾ നിർവഹിക്കേണ്ടതും മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ആവശ്യമായ നേതൃത്വം നൽകേണ്ടതുമാണ്. എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 

അതേസമയം, സി.ഐ.സി സംവിധാനം പൂർവ്വസ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങുകയാണെന്ന് സി.ഐ.സി അധികൃതരും വ്യക്തമാക്കി. സി.ഐ.സി ഓഫീസിൽനിന്നുള്ള അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.
അറിയിപ്പ്: 
സി.ഐ.സി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രേഖാമൂലം അറിയിച്ചത് പ്രകാരം വാഫി-വഫിയ്യ സംവിധാനം പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു  തുടങ്ങുകയാണ്. സി.ഐ.സി നിർവാഹകരും മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അവരവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കേണ്ടതും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠന പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതുമാണ്. സോഷ്യൽ മീഡിയയിലും മറ്റും ഇവ്വിഷയവുമായി ബന്ധപ്പെട്ട് ഇടപെടാതിരിക്കാൻ വീണ്ടും ഉണർത്തുന്നു. അമിതോക്തിയും വികാരപ്രകടനങ്ങളും മാന്യതയ്ക്ക് നിരക്കാത്ത  വർണ്ണനകളും പാടേ ഉപേക്ഷിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടങ്ങിയ ചേരി തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Latest News