Sorry, you need to enable JavaScript to visit this website.

ഭാര്യാ പിതാവ് സ്ത്രീധനമായി ഒരു തരി സ്വര്‍ണ്ണം തരുന്നില്ല, വൈദ്യുതി പോസ്റ്റില്‍ കയറി മരുമകന്റെ ആത്മഹത്യാ ശ്രമം

ഹൈദരാബാദ് :  വിവാഹം കഴിഞ്ഞ് 12 വര്‍ഷമായിട്ടും ഭാര്യാപിതാവ് സ്ത്രീധനമായി ഒരു തരി സ്വര്‍ണ്ണം തരുന്നില്ലെന്ന് പറഞ്ഞ് വൈദ്യുതി പോസ്റ്റില്‍ കയറി മരുമകന്റെ ആത്മഹത്യാ ശ്രമം. തെലുങ്കാനയില്‍ മേദക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗര്‍ 18 ാം വര്‍ഡിലാണ് സ്ത്രീധനം നല്‍കാത്ത ഭാര്യാ പിതാവിനോടുള്ള വിരോധം തീര്‍ക്കാന്‍ ശേഖര്‍ എന്നയാള്‍ വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.  12 വര്‍ഷം മുന്‍പ് വിവാഹം കഴിക്കുമ്പോള്‍  സ്വര്‍ണ്ണം തന്നില്ലെന്നും ഇനിയെങ്കിലും തനിക്ക് സ്ത്രീധനമായി അല്‍പ്പം  സ്വര്‍ണ്ണം വേണമെന്നുമായിരുന്നു ശേഖറിന്റെ ഡിമാന്റ്.  ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശേഖര്‍ സ്ത്രീധനമായി സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഈ കടുംകൈക്ക് മുതിര്‍ന്നതെന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്.

വിവാഹ സമയത്ത് ഭാര്യാ പിതാവിന് മരുമകന് സ്ത്രീധനം കൊടുക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും മകളുടെ വിവാഹം അദ്ദേഹം നടത്തി. തനിക്ക് സ്ത്രീധനം ലഭിക്കാത്തതിനെ കുറിച്ച് ശേഖര്‍ പല തവണ ഭാര്യയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. ഒടുവില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ശേഖര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീടിനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.  തുടര്‍ന്ന് നാട്ടുകാര്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ വിവരമറിയിക്കുകയും അവരെത്തി വൈദ്യുതി തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഭാര്യയുടെ സഹോദന്മാരുമെത്തി ശേഖറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശേഖര്‍ വഴങ്ങിയില്ല.  ഒടുവില്‍ പ്രദേശത്തെ വ്യാപാര സംഘടനയുടെ പ്രസിഡന്റ് ബട്ടി ജഗപതിയും പോലീസ് ഡെപ്യൂട്ടി കമ്മീഷണറും സ്ഥലത്തെത്തി ശേഖരുമായി സംസാരിച്ചു. ഇതേതുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ നിന്ന് താഴെയിറങ്ങിയ ശേഖറിനെ ആദ്യം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയനാക്കി.

Latest News