Sorry, you need to enable JavaScript to visit this website.

ഹക്കീം ഫൈസി ഇല്ലാതെ എന്ത് ആഘോഷം? ആർട്‌സ് കാർണിവൽ നിർത്തിവെച്ച് വാഫി കോളജ്

- പ്രിയപ്പെട്ട ഗുരു ഹക്കീം ഫൈസിയുടെ രാജിയോടെ വാഫി സംവിധാനം  വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ഈ സങ്കട-പ്രതിഷേധ സാഹചര്യത്തിൽ സ്ഥാപനത്തിൽ പരിപാടി നടത്തുന്നത് അനുചിതമാണെന്ന് ഫൈൻ ആർട്‌സ് സെക്രട്ടറി

കണ്ണൂർ - സി.ഐ.സി ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നുള്ള പ്രഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരായ സമസ്തയുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. തലശ്ശേരി ചൊക്ലിയിലെ കടുക്ക ബസാറിലെ സി.ഐ.സി സ്ഥാപനമായ എം.ടി.എം വാഫി കോളജിലാണ് കലോത്സവം നിർത്തിവച്ച് ഹക്കീം ഫൈസിക്ക് വിദ്യാർത്ഥികൾ ഐക്യദാർഢ്യം അറിയിച്ചത്.
 വാഫി കോളജിൽ എല്ലാ വർഷവും നടത്താറുള്ള ഫെസ്റ്റ് ഇത്തവണയും  നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും പുതിയ സാഹചര്യത്തിൽ കലോത്സവം നിർത്തിവയ്ക്കുകയാണെന്നും വിദ്യാർത്ഥി യൂനിയൻ പ്രതികരിച്ചു. 
  എം.ടി.എം ആർട്‌സ് കാർണിവൽ എന്ന പേരിൽ ഈ മാസമാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഫെസ്റ്റിന്റെ ഭാഗമായി തീം സോങ് അടക്കം പുറത്തിറക്കിയിരുന്നു. കലോത്സവം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഹക്കീം ഫൈസി എന്നിവരെ അതിഥികളായി ക്ഷണിച്ച് വിപുലമായ രീതിയിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് 'സദാദ്' സ്റ്റുഡന്റ്‌സ് യൂണിയൻ വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ, പ്രിയപ്പെട്ട ഗുരു ഹക്കീം ഫൈസിയുടെ രാജിയോടെ വാഫി സംവിധാനം അതിന്റെ പ്രയാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിൽ ഇത്തരമൊരു പരിപാടി നടത്തുന്നത് അനുചിതമാണെന്നും ഫൈൻ ആർട്‌സ് സെക്രട്ടറി പറഞ്ഞു.
 പഠന പിരിമുറുക്കങ്ങൾക്കും കലാലയ ജീവിതത്തിലെ സ്വാഭാവിക വിരസതകൾക്കും പരിഹാരമായാണ് കലാമേളകൾ നടക്കാറുള്ളത്. എന്നാൽ, പുതിയ സമകാലിക സാഹചര്യത്തിൽ തങ്ങളുടെ പ്രതിഷേധ, സങ്കട സൂചകമായി ഈ വർഷത്തെ പരിപാടി നിർത്തിവയ്ക്കുകയാണെന്നാണ് വാർത്താ കുറിപ്പിലുള്ളത്. സത്യത്തിന്റെയും ധർമത്തിന്റെയും വാഹകരാവുക. ധർമ സംസ്ഥാപനത്തിനായി പ്രാർത്ഥിക്കുക, നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ ബോഡി അംഗങ്ങൾക്ക് അയച്ച കത്ത് അവസാനിപ്പിച്ചത്.
 അതിനിടെ, പ്രശ്‌ന പരിഹാരത്തിന് സമസ്ത നേതൃത്വം സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും ആദൃശ്ശേരി ഫൈസിക്കെതിരെ സമസ്തയിലെ ചിലർ അമിത താൽപര്യമെടുത്ത് വിവിധ സ്ഥലങ്ങളിൽ വിശദീകരണ സമ്മേളനങ്ങൾക്കു പിന്നാലെ പോകുന്നതിൽ വഫി-വാഫിയ്യ സ്ഥാപനങ്ങളിൽ കടുത്ത പ്രതിഷേധവും നീരസവും ഉള്ളതായാണ് റിപ്പോർട്ടുകൾ. അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം ഹക്കീം ഫൈസിയെ പിന്തുണയക്കുമ്പോൾ സമസ്ത നേതൃത്വത്തിലെ ചിലർ ഫൈസിയെ ഒട്ടും ഉൾക്കൊള്ളാതെ കൂടുതൽ ആരോപണം ഉന്നയിച്ച് രംഗത്തുവരുന്നത് കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ്. പ്രശ്‌നം സമവായത്തിലൂടെ തീർക്കാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് സാധിക്കുമെന്നും എന്നാൽ കടുത്ത സമ്മർദ്ദത്തിലൂടെ പ്രശ്‌നം വഷളാക്കുന്ന സ്ഥിതിയിലേക്കാണ് ചിലരുടെ പിടിവാശിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News