Sorry, you need to enable JavaScript to visit this website.

നിപ്പാ വ്യാജ വാര്‍ത്തകള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിയുമ്പോഴും വാട്‌സാപ്പിലൂടേയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ശമനമായില്ല. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്.
വ്യാജവാര്‍ത്തകള്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.
ജനങ്ങളില്‍ ഭീതിയുളവാക്കുംവിധം നവമാധ്യമങ്ങളിലൂടെ അസത്യ പ്രചാരണം നടത്തുന്നവരെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.  നിപ്പ വൈറസ് വായു മാര്‍ഗം പകരില്ല. രോഗമൂര്‍ച്ഛയില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ സ്രവത്തിലൂടെ മാത്രമേ വൈറസ് പടരൂ. മറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് നേരെ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് വസിക്കുന്ന മലയാളികളെ ഇത്തരം പ്രചാരണങ്ങള്‍ പ്രതിസന്ധിയിലാക്കും-മുഖ്യമന്ത്രി പറഞ്ഞു.
നിപ്പാ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടങ്കിലും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന കടുത്ത നടപടികള്‍ ഇനിയും കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍നിന്നുള്ള പച്ചക്കറി ഇറക്കുമതി സൗദി അറേബ്യ, യു.എ.ഇ, ബഹ്്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. വിമാന യാത്രക്കാരെ നിരീക്ഷിക്കാന്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം വിമാന കമ്പനികള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോകത്ത് മറ്റെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ജാഗ്രതാപൂര്‍വമായ ഇടപെടലാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. രോഗ വ്യാപനം തടയാനും മരണം കുറയ്ക്കാനും സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍ സംയോജിതമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര, ദേശീയ ഏജന്‍സികളുടെ പ്രശംസ പിടിച്ചുപറ്റി. കോഴിക്കോട്ട് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു.
നിപ്പാ ബാധയെ പ്രതിരോധിക്കാന്‍ നടത്തിയ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ എല്ലാ സഹായവും ഉണ്ടാകും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കാളികളാകുമെന്നും ചെന്നിത്തല അറിയിച്ചു.

Latest News